ഫ്ളോറിഡയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; സംഭവം മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ
Thursday, February 21, 2019 9:34 PM IST
എസ്കാംമ്പിയ (ഫ്ളോറിഡ)∙ തെലുങ്കാന സ്വദേശിയായ കെ. ഗോവർധൻ റെഡ്ഡി (50) വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ടാണ് വെടിയേറ്റത്. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റു ചെയ്തതായി എസ്കാംമ്പിയ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വ്യാഴാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. കിയാൻഡ്ര സ്മിത്ത് (23), എഫിഡാറിയസ് ബ്രയാന്റ് (29), ക്രിസ്റ്റൽ ക്ലോസെൽ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് സമീപ പ്രദേശങ്ങളിൽ നടന്ന കവർച്ചകളിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു.

ഗോവർധൻ മാനേജരായ ഗ്യാസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു രണ്ടു പേർ കയറി ഇതിൽ മുഖം മറച്ച കറുത്തവർഗക്കാരനായ യുവാവാണ് വെടിയുതിർത്തതെന്ന് സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഗൂഡാലോചന, വധശ്രമം, കുറ്റം മറച്ചുവയ്ക്കൽ എന്നീ വകുപ്പുകളാണ് കിയാൻഡ്രക്കും ക്ലോസലിനും എതിരെ ചുമത്തിയിരിക്കുന്നത്.

ബ്രിയാന്‍റിനെതിരെയാണ് കൊലപാതകുറ്റത്തിന് കേസെടുത്തിരിക്കുന്നത്.എട്ടുവർഷം മുമ്പാണ് ഗോവർധൻ തെലുങ്കാനയിലെ യാഡ്രി ജില്ലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ശോഭാ റാണി, മക്കളായ ശ്രേയ, തുളസി എന്നിവർ ഹൈദരബാ‌‌ദിലാണ് താമസം. പെൻസകോല സിറ്റി ഡിപ്പാർട്ട്മെന്‍റൽ സ്റ്റോർ കൗണ്ടർ മാനേജരായിട്ടാണ് ഗോവർധൻ ജോലി ചെയ്തിരുന്നത്. ഫ്ളോറിഡ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തെലങ്കാന സർക്കാർ ഇടപെട്ടിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ