ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് ലീല മാരേട്ട് മത്സരിക്കും
Saturday, March 16, 2019 3:45 PM IST
ന്യുയോര്‍ക്ക്: ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേക്കു വീണ്ടും മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ലീല മാരേട്ട് അറിയിച്ചു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടുവെങ്കിലും ഇത്തവണ കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തിയതായി ലീല മാരേട്ട് അറിയിച്ചു.

ഫൊക്കാനയെ പുതിയ പാതയിലൂടെ ഉയരങ്ങളില്‍ എത്തിക്കുകയെന്നതാണു തന്‍റെ എക്കാലത്തെയും ദൗത്യം. ഒരു തവണ പരാജയപ്പെട്ടതുകൊണ്ട് അതില്‍ നിന്നു പിന്നോക്കം പോകണമെന്നു കരുതുന്നില്ല. സുതാര്യവും ജനപങ്കാളിത്തവുമുള്ള പ്രവര്‍ത്തനം, പുതിയ കര്‍മ്മ പദ്ധതികള്‍, സംഘടനാ രംഗത്ത് കൂടുതല്‍ പേരെ ഉള്‍പെടുത്തിയുള്ള മുന്നേറല്‍ തുടങ്ങിയവയൊക്കെ ലക്ഷ്യമിടുന്നതായി ലീല മാരേട്ട് പറഞ്ഞു.

വര്‍ഷങ്ങളായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലീല മാരേട്ട്, ഫൊക്കാനയുടെ കമ്മിറ്റി അംഗം, റീജണല്‍ പ്രസിഡന്‍റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബർ, ഇലക്ഷന്‍ കമ്മിറ്റി മെംബർ, വിമന്‍സ് ഫോറം ദേശീയ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് , തന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. അമേരിക്കന്‍ മലയാളികളുടെ സ്നേഹത്തിന്‍റേയും ഐക്യത്തിന്‍റെയും കൂട്ടായ്മയായ ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട് ശ്രമിച്ചിരുന്നു.

2004-ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു.2006-ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്‍റായി.

വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവച്ചു. നിര്‍ധനരായവര്‍ക്ക് നാട്ടില്‍ പത്തു വീടുകള്‍ നിര്‍മിച്ചു നൽകി. ഇന്‍ഡിപെന്‍ഡന്‍റൻസ് ഡേ പരേഡില്‍ ഫൊക്കാനയുടെ പ്രൗഢി നിലനിര്‍ത്തുവാന്‍ രണ്ടു പ്രാവശ്യം ഫ്ളോട്ടുകള്‍ ഇറക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 50 വര്‍ഷത്തെ കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാന്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തി. വനിതകള്‍ക്കുവേണ്ടി സൗന്ദര്യമത്സരം അരങ്ങേറി.

2008-ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോഓര്‍ഡിനേറ്ററായും ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ സംഘടിപ്പിച്ചു. കാനഡയിലും ഫിലഡൽഫിയയിലും നടന്ന കഴിഞ്ഞ രണ്ടു കണ്‍വന്‍ഷനിലും വളരെയധികം രജിസ്ട്രേഷനുകളും, പരസ്യവും ശേഖരിച്ച് അങ്ങേയറ്റം സഹായിക്കുകയുണ്ടായി.

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താത്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു.

രസതന്ത്രത്തില്‍ എംഎസ് സി ബിരുദമുള്ള ലീല, ആലപ്പുഴ സെന്‍റ് ജോസഫസ് കോളജിലും ബ്രോങ്ക്സ് കമ്യൂണിറ്റി കോളജിലും അധ്യാപികയായി ജോലി നോക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും അടുത്തിടെയാണ് വിരമിച്ചത്.

കേരള സമാജം പ്രസിഡന്‍റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളിലും ഇന്ത്യ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സിറ്റി യൂണിയന്റെ ലോക്കല്‍ 375ന്‍റെ റിക്കാർഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37 ഏഷ്യന്‍ ഹെറിറ്റേജ്, ഏഷ്യന്‍ പസഫിക് ലേബര്‍ അലൈന്‍സ് എക്സിക്യൂട്ടീവ് മെമ്പര്‍, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ തുടങ്ങിയവ പദവികളും വഹിച്ചിട്ടുണ്ട്.