അനുവാദമില്ലാതെ രോഗിയുടെ മെഡിക്കല്‍ റിക്കാര്‍ഡ് പരിശോധിച്ച ജീവനക്കാരെ പിരിച്ചുവിട്ടു
Saturday, March 16, 2019 6:53 PM IST
ഷിക്കാഗോ: അനുവാദമില്ലാതെ രോഗിയുടെ മെഡിക്കല്‍ റിക്കാര്‍ഡ് പരിശോധിച്ച അമ്പതു ജീവനക്കാരെ നോര്‍ത്ത് വെസ്‌റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും പിരിച്ചുവിട്ടതായി ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ഹിപ്പ് വയലേഷനാണ് ഇവരുടെ പിരിച്ചുവിടലിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയിലെ പ്രശസ്ത "എംമ്പയര്‍' താരം സ്‌മോളറ്റിന്‍റെ ആശുപത്രി റിക്കാര്‍ഡുകളിലാണ് ഇവര്‍ അനുവാദമില്ലാതെ കണ്ണോടിച്ചത്.പോലീസിന് തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിന് സ്‌മോളറ്റിനെതിരെ കഴിഞ്ഞമാസം കേസ് ചാര്‍ജ് ചെയ്തിരുന്നു. സബ് വെ റസ്റ്ററന്‍റിൽ, തന്നെ രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും അവര്‍ വംശീയത കലര്‍ന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നുമായിരുന്നു സ്‌മോളറ്റിന്‍റെ പരാതി. പിന്നീട് ഇതു സ്‌മോളറ്റ് തന്നെ ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഈ താരത്തിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആകാംഷയായിരിക്കാം റിക്കാര്‍ഡുകള്‍ നോക്കാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതു സ്വകാര്യതക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും ഹെല്‍ത്ത് ഇന്‍ഷ്വറസ് പോര്‍ട്ടബിലിറ്റി ആൻഡ് അകൗണ്ടബിലിറ്റി ആക്ടിന് (HIPPA) എതിരാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആശുപത്രി ജീവനക്കാര്‍ക്ക് ഈ സംഭവം ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ