ഹൂസ്റ്റണിൽ ഒറ്റപ്രസവത്തിൽ 9 മിനിട്ടിനുള്ളില്‍ ആറ് കുട്ടികള്‍
Monday, March 18, 2019 9:25 PM IST
ഹൂസ്റ്റണ്‍: ഒന്പത് മിനിട്ടിനുള്ളില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി ഹൂസ്റ്റണിൽനിന്നുള്ള യുവതി റിക്കാർഡ് ഇട്ടു. മാര്‍ച്ച് 15 ന് ടെക്‌സസ് വുമന്‍സ് ഹോസ്പിറ്റലിലാണ് സംഭവം. തെല്‍മ ചിയാക്ക എന്ന യുവതിയാണ് നാലു ആണ്‍കുട്ടികള്‍ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയത്.

12 ഔണ്‍സ് മുതല്‍ 2 പൗണ്ടുവരെ തൂക്കം ഉള്ള കുട്ടികള്‍ ആറു പേരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നിറയാ നാറ്റല്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ കുട്ടികള്‍ വിദഗ്ദ ചികിത്സയിലാണെന്ന് അറിയിപ്പില്‍ പറയുന്നു.

4.7 ബില്യൺ പ്രസവത്തില്‍ ഒന്നു മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അമേരിക്കന്‍ കോളജ് ഗൈനക്കോളജി വിഭാഗം പറയുന്നു.മാസം തികയാതെയായിരിക്കും ഇത്തരം പ്രസവങ്ങള്‍ നടക്കുന്നതെന്നും എത്ര വിദഗ്ദ ചികിത്സ നല്‍കിയാലും കുട്ടികളെ രക്ഷിക്കുക അസാധ്യമായിരിക്കുമെന്നും അങ്ങനെ ജീവിച്ചാല്‍ പോലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ഒന്നോ രണ്ടോ ഇത്തരം പ്രസവങ്ങളാണ് അമേരിക്കയില്‍ ഒരു വര്‍ഷം നടക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ