പദ്‌മശ്രീ കെ.കെ. മുഹമ്മദിന് ഡിഎംഎയുടെ സ്‌നേഹാദരം
Monday, March 18, 2019 10:05 PM IST
ന്യൂ ഡൽഹി : രാഷ്ട്രം പദ്‌മശ്രീ നൽകി ആദരിച്ച കെ.കെ. മുഹമ്മദിന് ഡൽഹി മലയാളി ആസോസിയേഷന്‍റെ സ്നേഹാർപ്പണം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥനും ഡൽഹി മലയാളി അസോസിയേഷന്‍റെ സഹയാത്രികനുമായ അദ്ദേഹത്തെ ഇന്നലെ വൈകുന്നേരം ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന സായാഹ്‌ന സമ്മേളനത്തിലാണ് ആദരിച്ചത്.

ഡിഎംഎ വൈസ് പ്രസിഡന്‍റ് വിനോദിനി ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദിനെ പൊന്നാട അണിയിച്ചു. ഡിഡിഎ ലാൻഡ്സ് കമ്മീഷണർ സുബു റഹ്മാൻ, ഡിഎംഎ ഫലകം സമ്മാനിച്ചു. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കേരളാ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്‍റും ഡിഎംഎ അഡ്വൈസറി ബോർഡ് അംഗവുമായ ബാബു പണിക്കർ, എസ്എൻഡിപി.യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.കെ. കുട്ടപ്പൻ, എൻഎസ്എസ് ഡൽഹി പ്രസിഡന്‍റ് എം.കെ ജി. പിള്ള, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ.ഷാജി തുങ്ങിയവർ പ്രസംഗിച്ചു.

ഓൾ ഇന്ത്യാ മലയാളി അസോസിയേഷനു വേണ്ടി ആർ.ആർ. നായർ, ഡൽഹി ശ്രീനാരായണ കേന്ദ്രക്കു വേണ്ടി സുന്ദരേശൻ, ബ്ലഡ് ഡൊണേഷൻ കേരളാ, ഡൽഹി ഘടകത്തിനു വേണ്ടി പവിത്രൻ ക്വയിലാണ്ടി, മുസ് ലിം വെൽഫെയർ അസോസിയേഷനുവേണ്ടി അബുബക്കർ തുടങ്ങിയവർ മുഹമ്മദിനെ ഹാരാർപ്പണം ചെയ്തു. ഡൽഹി മലയാളികൾ നൽകിയ സ്നേഹ വായ്പുകൾക്കു മുഹമ്മദ് നന്ദി പറഞ്ഞു.

ഡിഎംഎയുടെ മുൻ പ്രവർത്തകരും ഏരിയാ ഭാരവാഹികളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളെയും കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ലാജ്പത് നഗർ ഏരിയയിലെ ആർഷിയ കൃഷ്ണ കുമാറിന്‍റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി