മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്‍റ്
Wednesday, March 20, 2019 8:10 PM IST
ന്യുയോര്‍ക്ക്: സാം പിത്രോദ ചെയര്‍മാനും ജോര്‍ജ് ഏബ്രഹാം വൈസ് ചെയറുമായി രൂപം കൊണ്ട ഇന്ത്യന്‍ ഓവസീസ് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ ചുമതലയേറ്റു. ലോംഗ് ഐലന്‍ഡിലെ ജെറിക്കോ പാലസില്‍ മാർച്ച് 17 നു ചേര്‍ന്ന സമ്മേളനത്തില്‍ അഞ്ചു വര്‍ഷമായി പ്രസിഡന്‍റ് പദം വഹിക്കുന്ന ശുദ്ധ് പര്‍കാശ് സിംഗ് പുതിയ പ്രസിഡന്‍റ് ഗില്‍സിയനു സ്ഥാനം കൈമാറി.

ഇരുന്നൂറില്‍ പരം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സംഘടനയുടെ പ്രഥമ പ്രസിഡന്‍റ് ഡോ. സുരിന്ദര്‍ മല്‍ഹോത്രയടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ഇന്ത്യ സുപ്രധാനമായ ഇലക്ഷനെ നേരിടുമ്പോള്‍ പ്രവാസി കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി വന്നത് അണികളിലും ആവേശമായി.
പുതിയ പ്രസിഡന്‍റിനു പിന്തൂണ പ്രഖ്യാപിച്ച ശുദ്ധ് പര്‍കാശ് സിംഗ്, സ്ഥാന ലബ്ദിയില്‍ ഗില്‍സിയനെ അഭിനന്ദിക്കുകയും ചെയ്തു.

ഗില്‍സിയന്‍റെ നിയമനത്തെ സ്വാഗതം ചെയ്ത ഡോ. മല്‍ ഹോത്ര, ഇലക്ഷനില്‍ ബിജെപിയെ തോല്പിക്കുകയാണു അടിയന്തര ലക്ഷ്യമെന്നും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ സംഘടന മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു.

ഉറച്ച കോണ്‍ഗ്രസുകാരനായ ഗില്‍സിയന്‍ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഈ സ്ഥാനത്തിനു തികച്ചും അര്‍ഹനാണെന്നു ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഇത്രയും ആത്മാര്‍ഥതയുള്ള വ്യക്തികള്‍ കുറവാണ്. തന്‍റെ പൂര്‍ണ പിന്തുണ ഗില്‍സിയനു ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി.

ഗില്‍സിയനെ പ്രസിഡന്‍റായി നിയമിച്ച സാം പിത്രോഡയുടെ തീരുമാനത്തെ സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് സ്വാഗതം ചെയ്തു. സംഘടനയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

ഡോ. ദയന്‍ നായിക്ക്, ഷെര്‍ മദ്ര, ലീല മാരേട്ട്, ഫുമാന്‍ സിംഗ്, ചരണ്‍ സിംഗ്, രജിന്ദ്രര്‍ ഡിചപ്പള്ളി, കുല്ബിര്‍ സിംഗ്, കളത്തില്‍ വര്‍ഗീസ്, രവി ചോപ്ര, ഷാലു ചോപ്ര, മാലിനി ഷാ, രാജേശ്വര റെഡ്ഡി, ജോണ്‍ ജോസഫ്, കോശി ഉമ്മന്‍, സതീഷ് ശര്‍മ്മ എന്നിവരടക്കം നിരവധി പേര്‍ പുതിയ പ്രസിഡന്‍റിനു ആശംസകൾ നേർന്നു.

മറുപടി പ്രസംഗത്തില്‍ പുതിയ സ്ഥാനം തന്നെ ഏല്പ്പിച്ചത് ബഹുമതിയായി കരുതുന്നുവെന്നു ഗില്‍സിയന്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍ സാം പിത്രോദ, സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവർക്ക് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ