എംഎസിഎഫ് ടാമ്പാ വനിതാ ദിനാഘോഷം ഉജ്വല വിജയം
Thursday, March 21, 2019 7:17 PM IST
ടാമ്പാ: എംഎസിഎഫ് ടാമ്പാ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച "സെലിബ്രേറ്റ് വുമണ്‍' പരിപാടി മാര്‍ച്ച് 16-നു പ്രൗഢഗംഭീരമായി നടത്തി. സെന്‍റ് ജോസഫ് സീറോ മലബാര്‍ പള്ളിയുടെ പ്രധാന ഹാളില്‍ നടത്തിയ പരിപാടിയില്‍ "ഷൈനിംഗ് സ്റ്റാര്‍സ്' അവാര്‍ഡ് ദാനവും സാരി ഫാഷന്‍ മത്സരവും നടന്നു. ഹില്‍സ്ബറോ കൗണ്ടി കോളജ് ട്രസ്റ്റി ബോര്‍ഡ് മെംബർ ബെറ്റി വിയമോണ്ടെസ് മുഖ്യാതിഥിയായിരുന്നു.

ടാമ്പായിലെ കലാ,കായിക, നേതൃത്വ, സേവന മേഖലകളില്‍ മികവു പുലര്‍ത്തിയ എഴു വനിതകള്‍ക്കാണ് പുരസ്കാരം നല്‍കിയത്. മേരി വട്ടമറ്റം, ജെസി കുളങ്ങര, അമ്മിണി ചെറിയാന്‍, ലക്ഷ്മി രാജേശ്വരി, നന്ദിത ബിജേഷ്, ബബിത കാലടി, വിദ്യ ചന്ദ്രകാന്ത് തുടങ്ങിയവരാണ് അവാര്‍ഡ് ജേതാക്കള്‍.

തുടര്‍ന്നു നടന്ന സാരി ഫാഷന്‍ മത്സരത്തില്‍ ടാമ്പയില്‍ നിന്നുള്ള പത്തു ടീമുകള്‍ പങ്കെടുത്തു. ഓരോ ടീമിലും പത്തുപേര്‍ വീതമാണ് ഉണ്ടായിരുന്നത്. ഓരോ ടീമിലും ഒരു വിഷയം തെരഞ്ഞെടുത്താണ് സാരികള്‍ റാംപില്‍ അവതരിപ്പിച്ചത്. എല്ലാ ടീമുകളും അവതരിപ്പിച്ച അവതരണ മികവ് കാണികളെ അതിശയിപ്പിച്ചു.

മത്സരത്തില്‍ ടീം പ്രകൃതി ഒന്നാം സ്ഥാനവും ടീം ക്ലാസി ദേശീസ് രണ്ടാം സ്ഥാനവും നേടി. രഞ്ജുഷ മണികണ്ഠന്‍, സിമി ഗോകുല്‍, അനുശ്രീ ജയേഷ്, ജ്യോതി അരുണ്‍, കൃഷ്ണ ബാല, റിമ്പ റോയ്, അപര്‍ണ ജീവന്‍, രമ്യ, ബബിത വിജയ് തുടങ്ങിയവരാണ് ടീം പ്രകൃതിക്കുവേണ്ടി മോഡലുകളായത്. രജനി ജോണ്‍, ശില്പി ഘോഷ്, ജ്യോതി റാണ, കോമള്‍, പ്രിയങ്ക, മാധുരി, ശില്പ, രേഷ്മ, സ്വാതി, രശ്മി തുടങ്ങിയവര്‍ ക്ലാസി ദേശീസ് ടീമിനുവേണ്ടി അണിനിരന്നു. രഞ്ജുഷ മണികണ്ഠന്‍ ബെസ്റ്റ് ഡ്രെസ്ഡ് സമ്മാനം കരസ്ഥമാക്കി.

അനീന ലിജു, അഞ്ജനാ ഉണ്ണികൃഷ്ണന്‍, സാലി മച്ചാനിക്കല്‍ തുടങ്ങിയവർ പരിപാടികള്‍ക്കു നേതൃത്വം നൽകി. ഡോ. മാധവി ശേഖരന്‍, ദയാ കാമ്പിയില്‍, കിരണ്‍ ബാല്‍ തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു. അടുത്തവര്‍ഷം മത്സരങ്ങള്‍ കൂടുതല്‍ ഭംഗിയായും പ്രൗഢിയായും നടത്തുമെന്നു എംഎസിഎഫ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം