റവ.ഡോ. സജു മാത്യുവിനു യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം ഗ്ലോബല്‍ പുരസ്‌കാരം
Thursday, March 21, 2019 7:30 PM IST
വ്യത്യസ്ത മേഖലകളിലെ പ്രവര്‍ത്തനങ്ങളെ മാനിച്ച് യൂണിവേഴ്‌സല്‍ റിക്കാർഡ്സ് ഫോറത്തിന്‍റെ (യുആര്‍എഫ്) ഗ്ലോബല്‍ പുരസ്‌കാരം നിരണം യെരുശലേം മാര്‍ത്തോമ ഇടവക വികാരി റവ.ഡോ. സജു മാത്യുവിന് ലഭിച്ചു. പൗരോഹിത്യത്തോടൊപ്പം വിവിധ സഭകളോടു ചേര്‍ന്നു നിന്ന് സമൂഹത്തിന്‍റെ നന്മയ്ക്കായി വ്യത്യസ്തമായി കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനു യുആര്‍എഫിന്‍റെ 2019-ലെ ആജീവനാന്ത ബഹുമതിക്കും റവ. സജു മാത്യു അര്‍ഹനായി.

വൈദികവൃത്തിയോടൊപ്പം മാജിക്, കള്ളിമുള്‍ച്ചെടികളുടെ അപൂര്‍വ ശേഖരങ്ങള്‍, അക്ഷരങ്ങള്‍കൊണ്ടുള്ള ചിത്രരചന, കവര്‍ ഡിസൈനിംഗ് തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് റവ. സജു മാത്യു.

മാജിക്കിലെ പരമോന്നത പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡ്, ഇന്‍റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ പുരസ്‌കാരം, അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. യുആര്‍എഫിന്‍റെ ഗ്ലോബല്‍ പുരസ്‌കാരം ലഭിക്കുന്ന പ്രഥമ വൈദികനാണ് റവ. സജു മാത്യു.

പത്തനാപുരം ചാച്ചിപ്പുന്ന നെല്ലിക്കല്‍ മത്തായി ജോണ്‍ - സൂസന്ന
ദമ്പതികളുടെ മകനാണ് റവ. സജു മാത്യു. ഭാര്യ ബിൻസി കുമ്പനാട് കാറ്റാണിശേരില്‍ കുടുംബാംഗം. മക്കള്‍: ജോയല്‍, ജുവാന.