യുഎസ് - ഇന്ത്യ വ്യാപാര ഇടപാടുകൾ 500 ബില്യണായി ഉയരും: നിഷ ബിസ്വാൾ
Friday, March 22, 2019 9:06 PM IST
ന്യൂയോർക്ക്: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ സമീപ ഭാവിയിൽ 500 ബില്യൺ ഡോളറായി ഉയരുമെന്ന് യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്‍റ് നിഷ ബിസ്വാൾ. മാർച്ച് 18 ന് നടത്തിയ ഒരഭിമുഖത്തിലാണ് ഒബാമ ഭരണത്തിൽ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അസിസ്റ്റന്‍റ് സെക്രട്ടറി കൂടിയായ നിഷ ഭാവിയെക്കുറിച്ചു പ്രവചിച്ചത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇക്കണോമിക് മാർക്കറ്റായി ഉയർന്നു. ഇന്ത്യയും യുഎസുമായുള്ള വ്യാപാര ബന്ധം പൂർണമായും മുതലാക്കുന്നതിൽ ഇരുരാജ്യങ്ങളും വിജയിച്ചിട്ടില്ലെന്നും ബിസ്വാൾ അഭിപ്രായപ്പെട്ടു.

വാൾമാർട്ട്, ആമസോൺ തുടങ്ങിയ വൻകിട കോർപറേറ്റുകൾ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതുപോലെ ഇന്ത്യൻ ഉത്പന്നങ്ങൾക്കു വിദേശ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരണമെന്നും നിഷ പറഞ്ഞു.

യുഎസ് ഗവൺമെന്‍റ് മാർച്ച് 4 ന് പുറപ്പെടുവിച്ച (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പെർഫോർമൻസ് സ്റ്റാറ്റഡ് ഫോർ ഇന്ത്യ) നിരോധന ഉത്തരവ് നിരാശജനകമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും നിഷ പറഞ്ഞു.

2017 ൽ അമേരിക്കയിലേക്ക് കൂടുതൽ സാധനങ്ങൾ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജിഎസ്പി സ്റ്റാറ്റസ് ഫോർ ഇന്ത്യയ്ക്കുള്ള പിന്തുണ തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു ബാധിക്കരുതെന്നും യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ