ഫോമാ യൂത്ത് ഫെസ്റ്റിവൽ: കമ്മിറ്റി രൂപീകരിച്ചു
Saturday, March 23, 2019 3:44 PM IST
ഡാളസ്: ഫോമായുടെ യൂത്ത് വിംഗിന്‍റെ ആഭിമുഖ്യത്തില്‍, വേനല്‍കാല അവധിയോട് അനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റി നിലവില്‍ വന്നു.

ഫോമാ വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു രക്ഷാധികാരിയായുള്ള കമ്മിറ്റിയിൽ നെവിന്‍ ജോസ് കൺവീനറായും രോഹിത് മേനോൻ ജോയിന്‍റ് കണ്‍വീനറായും നിഷ മാത്യു എറികിനിയെ സെക്രട്ടറിയായും കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനായി ജോമോന്‍ കുളപ്പുരയ്ക്കലും കോഓര്‍ഡിനേറ്ററായി പൗലോസ്‌ കുയിലാടനും പ്രവർത്തിക്കും.

അമേരിക്കന്‍ മലയാളി യുവജനോത്സവങ്ങളുടെ ചരിത്രം മാറ്റിയെഴുതുമെന്ന പ്രഖ്യാപനവുമായാണ് കമ്മറ്റിയുടെ പ്രാരഭ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. അഞ്ചു വേദികളിലായി, അമ്പതു വിധികര്‍ത്താക്കളുടെ മുന്‍പില്‍, അഞ്ഞൂറോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുമ്പോള്‍ അത് പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാനാവും വിധം ചരിത്രമാകും. യുവജനോത്സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഫോമായുടെ വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്യുന്നതോടൊപ്പം, എല്ലാ പ്രമുഖ മലയാള പത്ര മാധ്യമങ്ങളിലൂടെയും അപേക്ഷ വിവരങ്ങള്‍ അറിയിക്കും.

അമേരിക്കന്‍ കലാസാംസ്കാരിക ഭൂപടത്തില്‍ മലയാളിയുടെ വേറിട്ട യുവജനോത്സവമായിരിക്കും ഇതന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: ബിജു തോമസ് പന്തളം