പാർക്ക് ലാൻഡ് വെടിവയ്പ്: ദൃക്സാക്ഷി വിഷാദരോഗത്തെതുടർന്നു ജീവനൊടുക്കി
Saturday, March 23, 2019 4:41 PM IST
ഫ്ലോറിഡാ: പാർക്ക്‌ലാൻഡ് മാർജറി സ്റ്റേൺമാൻ ഡഗ്‌ളസ് ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ ദൃക്സാക്ഷിയായിരുന്ന പെൺകുട്ടി ജീവനൊടുക്കി. സിഡ്‍‌നി അയിലൊ (19) എന്ന വിദ്യാർഥിനി ഏറെ നാളായി വിഷാദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു.

2018 ഫെബ്രുരി 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിക്കൊളസ് ക്രൂസ് (19) നടത്തിയ വെടിവെയ്പിൽ 17 പേരാണ് കൊല്ലപ്പെട്ടത്. സിഡ്നിയുടെ ഏറ്റവും അടുത്ത സുഹൃത്തും വിദ്യാർഥിനിയുമായ മെഡൊ പോളക്ക് കൊല്ലപ്പെട്ടിരുന്നു. ഭയാനകമായ സംഭവത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന സിഡ്നിയെ വിഷാദ രോഗം പിടികൂടിയിരുന്നതായി മാതാവ് പറഞ്ഞു. അടുത്തിടെയാണ് സിഡ്നി ഹൈസ്കൂൾ ഗ്രാജുവേഷൻ പൂർത്തീകരിച്ചത്. ലിൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പോകാനിരിക്കെയാണ് മരണം.

ഫ്ലോറിഡ അറ്റ്ലാന്‍റിക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയെങ്കിലും പലപ്പോഴും കോളജിൽ പോകാൻ ഇവർ മടികാണിച്ചിരുന്നതായി മാതാവ് പറയുന്നു. ക്ലാസിൽ മിക്കവാറും ഏകയായി കഴിയുന്ന കുട്ടിയോടു കാരണം അന്വേഷിച്ചു പരിഹാരം നിർദേശിക്കുവാൻ ആരും തയാറായില്ലെന്നും മാതാവ് പരാതിപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ