പിറ്റ്ബുളിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; പോലീസ് നായ്ക്കളെ വെടിവെച്ചുകൊന്നു
Sunday, March 24, 2019 2:47 PM IST
ഡാളസ്: മാര്‍ച്ച് 23-നു ശനിയാഴ്ച രാവിലെ സ്വന്തം നായ്ക്കളെ സന്ദര്‍ശിക്കാന്‍ ആനിമല്‍ ഹോസ്പിറ്റലില്‍ എത്തിയ ജോഹന വില്ലാഷേനിനെ (34) രണ്ട് പിറ്റ്ബുള്‍ നായ്ക്കള്‍ ചേര്‍ന്നു ആക്രമിച്ച് കൊലപ്പെടുത്തി. ഡാളസ് ഇര്‍വിംഗിലുള്ള ഒ കോണര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.

ഒരുമാസം മുമ്പ് മറ്റൊരാളെ ആക്രമിച്ച രണ്ട് നായ്ക്കളുടെ ഉടമസ്ഥയായിരുന്നു ജോഹന. നായ്ക്കളെ സന്ദര്‍ശിക്കുന്നതിനും ആഹാരം നല്‍കുന്നതിനുമാണ് ഇവര്‍ ഹോസ്പിറ്റലില്‍ എത്തിയത്. നായ്ക്കളെ പരിശീലിപ്പിക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ച ഇവരെ പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്നു ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജോഹനെ കണ്ടത്. ഇവര്‍ക്കുചുറ്റും പ്രതിരോധം തീര്‍ത്ത് നായ്ക്കള്‍ നിന്നിരുന്നതിനാല്‍ അടുത്തേക്ക് ചെന്നു രക്ഷപെടുത്താന്‍ ജീവനക്കാര്‍ക്കായില്ല. ഉടന്‍ 911 വിളിച്ച് പോലീസ് എത്തിയപ്പോഴേയ്ക്കും അവര്‍ക്കു നേരേയും അക്രമാസക്തരായ ഇരു നായ്ക്കളേയും ഓഫീസര്‍ വെടിവെച്ചു കൊലപ്പെടുത്തി.

പിറ്റ്ബുളിന്റെ ആക്രമണത്തെക്കുറിച്ചും, സ്ത്രീ മരിക്കാനിടയായ സംഭവത്തെക്കുറിച്ചും, പിറ്റ് ബുളിനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെക്കുറിച്ചും വിദഗ്ധ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിറ്റ്ബുള്‍ ഏതു സമയത്താണ് അക്രമാസക്തരാകുക എന്നറിയാന്‍ സാധിക്കാത്തതിനാല്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നു ആനിമല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍