ഫൊക്കാന സമ്മേളനം: കേരളത്തിൽ നിന്നുള്ളവർക്ക് അമേരിക്ക ടൂർ പാക്കേജ്
Saturday, April 13, 2019 4:36 PM IST
അറ്റ്ലാന്‍റിക് സിറ്റി: കാസിനോകളുടെ നഗരമായ അറ്റ്ലാന്‍റിക് സിറ്റിയിൽ നടക്കുന്ന ഫൊക്കാനയുടെ 19 മത് അന്തർദേശീയ സമ്മേളനത്തിൽ ഇക്കുറി ഇന്ത്യയിൽ നിന്നുള്ള അതിഥികളെ കൊണ്ടുവരാൻ ഫൊക്കാന അമേരിക്ക ടൂർ പാക്കേജ് കൊണ്ടുവരുമെന്ന് പ്രസിഡന്‍റ് മാധവൻ ബി നായർ. 2020 ലെ കൺവൻഷൻ നടക്കുന്ന അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആൻഡ് റിസോർട്സിൽ നടന്ന കൺവൻഷന്‍റെ ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ നിന്ന് വരുന്നവർക്ക് വീസ സ്പോൺസർ ചെയ്യുന്നതുൾപ്പെടെ യാത്ര ക്രമീകരങ്ങളും മറ്റും ഫൊക്കാന ചെയ്തുകൊടുക്കും. രണ്ട്‌ പേര് അടങ്ങുന്ന കുടുംബത്തിന് 5000 ഡോളർ ആണ് ഫൊക്കാന ഈടാക്കുക. ഒരാൾ മാത്രമാണ് വരുന്നതെങ്കിൽ 3000 ഡോളർ നൽകിയാൽ മതി. കൺവൻഷൻ രജിസ്ട്രേഷൻ , ഭക്ഷണം, താമസം എന്നിവ പാക്കേജിൽ ഉൾപ്പെടും. വിമാനക്കൂലി, ആഭ്യന്തര യാത്ര, മറ്റു സ്ഥലങ്ങളിലെ താമസം എന്നിവയുടെ ചെലവുകൾ വരുന്നവർ തന്നെ വഹിക്കണം. എന്നിരുന്നാലും അമേരിക്ക സന്ദർശിക്കാനുള്ള യാത്രസഹായങ്ങൾ ഫൊക്കാന ചെയ്തുകൊടുക്കുമെന്നും മാധവൻ നായർ പറഞ്ഞു. വീസകൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്കായി കോൺസുലാർ ജനറലിന്‍റെ ഓഫീസുമായി ധാരണയായതായും അദ്ദേഹം പറഞ്ഞു.

ഫൊക്കാനയുടെ വരവ് ചെലവ് കണക്കുകൾ ചർച്ച ചെയ്യാൻ വിളിച്ച ചേർത്ത വാർഷിക യോഗം കോറം തികായത്തിതിനാലും ഓഡിറ്റ് പുനർ പരിഷ്‌കരിക്കാനുമായി മാറ്റി വച്ചു. ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയ മാധവൻ നായർ പ്രത്യാശ നൽകുന്ന ഒരുപാടു കാര്യങ്ങൾ നടപ്പിലാക്കുന്നതിന്‍റെ വിശകലനങ്ങളും നടത്തി. കേരള സർക്കാരുമായി സഹകരിച്ചു നടത്തി വരുന്ന ഭവനം പദ്ധതിയുടെ പുരോഗതി ദ്രുതഗതിയിലെന്നു പറഞ്ഞ മാധവൻ നായർ, ഉടൻ തന്നെ കുറഞ്ഞത് 10 വീടുകൾ എങ്കിലും നിർമിച്ചു താക്കോൽ കൈമാറാൻ കഴിയുമെന്നും പറഞ്ഞു. ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഏയ്ഞ്ചൽ കണെക്ടിന്‍റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അതിന് നേതൃത്വംനൽകുന്നത് താൻ തന്നെയാണെന്നും പറഞ്ഞു. കേരളത്തിൽ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ലോൺ, അടിസ്ഥാനസൗകര്യം എന്നിവ സർക്കാർ തലത്തിൽ ചെയ്‌തുകൊടുക്കുന്ന പദ്ധതിയാണ് ഏഞ്ചൽ കണക്ട്.

സംസ്ഥാന വിദ്യാഭ്യാസ വകൂപ്പിന്‍റെ സഹകരണത്തോടെ കേരളത്തിലെ സ്‌കൂൾ സിലബസിൽ അമേരിക്കൻ മലയാളി വിദ്യാർഥികൾക്കായി മലയാളം ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഫൊക്കാന മലയാളം അക്കാഡമി എന്ന് പേരിട്ടിരിക്കുന്ന ഈ ഓൺലൈൻ സ്‌കൂൾ "ഭാഷക്കൊരു ഡോളർ' എന്ന പദ്ധതിയുടെ ചുവടു പിടിച്ചായിരിക്കുമെന്ന് മാധവൻ നായർ പറഞ്ഞു.

ഫൊക്കാനയുടെ മറ്റു മാസ്റ്റർ പദ്ധതികളുടെ പുരോഗതികൾ പിന്നാലെ അറിയിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഫൊക്കാനയുടെ നിലവിലുള്ള സാമ്പത്തിക ബാധ്യതകളും പ്രവർത്തന മൂലധങ്ങൾക്കുമായി ധനസമാഹാര പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു. പ്രമുഖ നടൻ ബാലചന്ദ്രമേനോൻ നേതൃത്വം നൽകുന്ന "പൂമരം' എന്ന പേരിലുള്ള ഹാസ്യ-സംഗീത- നൃത്ത പരിപാടി ഫൊക്കാന സ്പോൺസർ ചെയ്‌തു ഫൊക്കാനയുടെ കാനഡ ഉൾപ്പെടെയുള്ള വിവിധ റീജിയണുകൾ നടത്തുന്നതാണ്. മേയിൽ എത്തുന്ന പൂമരം സംഘത്തിന്‍റെ ആദ്യ ഷോ ന്യൂജേഴ്‌സിയിൽ ആയിരിക്കും. റീജിയണലുകളും ഫൊക്കാനയും ചെലവും ലാഭവും പങ്കിട്ടെടുക്കും. അതുവഴി റീജിയണുകൾക്കും പ്രവർത്തന ഫണ്ട് ഉണ്ടാകുമെന്നും മാധവൻ നായർ പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച സെക്രട്ടറി ടോമി കൊക്കാട്, ഗവർണർ , മുഖ്യമന്ത്രി, പകുതിയോളം കാബിനറ്റ് മന്ത്രിമാർ, ഗവൺമെന്‍റ് സെക്രട്ടറിമാർ, രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത കേരള കൺവൻഷൻ ഏതൊരു അമേരിക്കൻ സംഘടനക്കും ഇന്നേവരെ ലഭിക്കാത്ത അംഗീകാരമാണെന്നു പറഞ്ഞു. 2020 ലെ കൺവൻഷൻ അതിലും വൻ വിജയമാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ച ടോമി കൺവൻഷന്‍റെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്‌തു.

ഫൊക്കാന അംഗങ്ങൾ തെരെഞ്ഞെടുത്ത എക്സിക്യൂട്ടീവിനു അർഹിക്കുന്ന ബഹുമാനം നൽകണമെന്നും അവരുടെ അധികാരത്തെ അകാരണമായി ചോദ്യം ചെയ്യരുതെന്നും അനാവശ്യ വിവാദങ്ങളും വിമർശനങ്ങളും ഒഴിവാക്കി അവരെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കഴിഞ്ഞ വർഷത്തെ കണക്കുകൾ അവതരിപ്പിച്ച ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഡോ.മാമ്മൻ സി വർഗീസ് പറഞ്ഞു.

ഫൊക്കാനയുടെ കാര്യങ്ങൾ ലോകത്തെവിടെനിന്നും ചോദിച്ചറിയാൻ ഫോക്കനയുടെ ടോൾ ഫ്രീ നമ്പർ ഉടൻ കൊണ്ടുവരുമെന്ന് കേരള കൺവൻഷൻ പേട്രനും മുൻ പ്രസിഡന്‍റുമായ പോൾ കറുകപ്പള്ളിൽ പറഞ്ഞു. പലരുവഴി തെറ്റായ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണ് 24 മണിക്കൂർ സർവീസു ഉള്ള ടോൾ ഫ്രീ നമ്പർ കൊണ്ടുവരുന്നത്. തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയകൾ വഴിയും ചില പേയ്ഡ് പത്രങ്ങൾ വഴിയും പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കണമെന്നും ഇത്തരക്കാരെ സൈബർ സെല്ലിന് അനായാസം പിടികൂടാൻ കഴിയുമെന്നും കറുകപ്പള്ളി പറഞ്ഞു, കേരള കൺവൻഷനോടെ ഫൊക്കാന പിളരുമെന്നും കൺവൻഷനിൽ അനിഷ്‌ഠ സംഭവങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു ഗവർണ്ണർ, മുഖ്യമന്ത്രി തുടങ്ങിയവരുടെ ഓഫീസിൽ വ്യാജ സന്ദേശം നൽകിയവരെ കണ്ടെത്തിയെന്നും നിയമാനുസൃതമായി അവരുടെ പേരുകൾ ഉടൻ പുറത്തു വിടുമെന്നും കറുകപ്പള്ളി വ്യക്തമാക്കി.

ഫൊക്കാനയുടെ ഭവനം പദ്ധതിക്കുള്ള ധനസമാഹാരം വൻ വിജയകരമായി നടന്നു വരികയാണെന്ന് പദ്ധിതിയുടെ ചുമതലയുള്ള ഫൊക്കാന ട്രഷറർ സജിമോൻ ആന്‍റണി പറഞ്ഞു. ഈ പദ്ധതിയോട് സഹകരിച്ച പല അസോസിയേഷനുകളും ചെക്കുകൾ നൽകികഴിഞ്ഞു. ഇനിയുള്ള സംഘടനകൾ എത്രയും വേഗം ഫണ്ടുകൾ കൈമാറിയാൽ 100 വീട് എന്ന സ്വപ്ന പദ്ധതിയിലേക്കുള്ള ദൂരം വിദൂരമല്ലെന്നും സജിമോൻ പറഞ്ഞു. അടുത്ത ഫൊക്കാന സമ്മേളനം അറ്റ്ലാന്റിക് സിറ്റിയിലായതിനാൽ അന്യ സംസ്ഥാങ്ങളിൽ നിന്നുള്ളവർക്ക്‌ ഒരു പുതുമയായിരിക്കുമെന്നും അതിനാൽ കൺവൻഷനിൽ റിക്കാർഡ് രജിസ്ട്രഷൻ പ്രതീക്ഷിക്കുന്നതായും സജിമോൻ പ്രത്യാശ പ്രകടിപ്പിച്ചു.

കൺവൻഷന്‍റ് രജിസ്ട്രേഷൻ കിക്ക്‌ ഓഫ് ചടങ്ങിൽ ഫൊക്കാന പ്രഥമ വനിതാ പ്രസിഡന്‍റ് മറിയാമ്മ പിള്ളയിൽ നിന്നുസ്വീകരിച്ചുകൊണ്ട് മാധവൻ നായർ നിർവഹിച്ചു.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, കേരള കൺവൻഷൻ ചെയർമാൻ ജോർജി വർഗീസ്, 2020 ചെയർമാൻ ജോയ് ചാക്കപ്പൻ, ജോയിന്‍റ് സെക്രട്ടറി ഡോ. സുജ ജോസ്, ജോയിന്റ് ട്രഷറർ പ്രവീൺ തോമസ്, വിമൻസ് ഫോറം പ്രസിഡന്‍റ് ലൈസി അലക്സ്,അഡിഷണൽ ജോയിന്‍റ് സെക്രട്ടറി ഷീല ജോസഫ്, ബോർഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി വിനോദ് കെ.ആർ.കെ,മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ള, കെസിഎഫ്. പ്രസിഡന്‍റ് കോശി വർഗീസ്, മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള, കെസിസിഎൻഎ പ്രസിഡന്‍റ് അജിത് കൊച്ചുകുട്ടി, നാഷണൽ കമ്മിറ്റി അംഗം ദേവസി പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ