ഡോ. ബാബു പോള്‍ ഐഎഎസിനു ഫൊക്കാനയുടെ ആദരാഞ്ജലികൾ
Saturday, April 13, 2019 4:42 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെയും അമേരിക്കന്‍ മലയാളികളുടെയും ഉറ്റ സുഹ്രുത്തും ,നല്ല ഭരണകർത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ഡോ. ബാബു പോള്‍ ഐഎഎസിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.

അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം എഴുത്തും പ്രഭാഷണവുമായി റിട്ടയർമെന്‍റ് ജീവിതം നയിച്ചു വരികയായിരുന്നു . ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയത് അദ്ദേഹം ഇടുക്കി കലക്ടര്‍ ആയിരിക്കെ ആണ്. സിവില്‍ സർവിസിൽ ഏഴാം റാങ്കുകാരനായ അദ്ദേഹം പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനനം നടത്തി. കേരളത്തിലെ പത്രങ്ങളിലെന്നപോലെ അമേരിക്കൻ മലയാളി മീഡിയയിലും അദ്ദേഹം സജീവമായിരുന്നു.

ഫൊക്കാനയുമായി നിരന്തര ബന്ധം പുലർത്തിയിരുന്ന ഡോ. ബാബു പോള്‍ ഐഎഎസ് , അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കുന്പോഴും അതിനുശേഷവും ഫൊക്കാനയുടെ പല കൺവൻഷനുകളിലും പങ്കെടുത്തിരുന്നു.

ഡോ. ബാബു പോള്‍ ഐ.എ.എസിന്റെ നിര്യാണത്തോട് ഫൊക്കാനക്ക്‌ നല്ല ഒരു സുഹൃത്തും വഴികാട്ടിയുമാണ് നഷ്‌ടമായതെന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റീ ബോർഡ് ചെയർമാൻ മാമ്മൻ സി. ജേക്കബ്,ട്രഷറർ സജിമോൻ ആന്‍റണി ,എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് , നാഷണൽ കമ്മിറ്റി മെംബേർസ്,ട്രസ്റ്റി ബോർഡ് മെംബേർസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ