റവ. ജോൺ മത്തായിക്ക് യാത്രയയപ്പു നൽകി
Tuesday, April 16, 2019 10:52 PM IST
ഷിക്കാഗോ: ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് വികാരിയും മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് പൂര്‍വവിദ്യാര്‍ഥിയുമായ റവ. ജോണ്‍ മത്തായിക്കും കുടുംബത്തിനും ബിഷപ്പ് മൂര്‍ അലൂംനി അസോസിയേഷന്‍ ഷിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി.

മികച്ച സംഘാടകനും വാഗ്മിയുമായ റവ. ജോണ്‍ മത്തായി ഷിക്കാഗോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ പ്രസിഡന്‍റായി സേവനം അനുഷ്ഠിച്ചിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് വിദ്യാര്‍ഥി ആയിരിക്കെ തന്‍റെ പ്രവര്‍ത്തന മികവുകൊണ്ടും സംഘാടക ശക്തികൊണ്ടും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാവായിരുന്നു റവ. ജോണ്‍ മത്തായി. വിദ്യാര്‍ഥി കാലഘട്ടത്തിലെ അധ്യാപക- വിദ്യാര്‍ത്ഥി സുഹൃദ് ബന്ധങ്ങള്‍ തുടര്‍ന്നും കാത്തുസൂക്ഷിക്കുന്ന അപൂര്‍വ വ്യക്തിത്വമാണ് റവ. ജോണ്‍ മത്തായി.

അലൂംനി അസോസിയേഷന്‍ പ്രസിഡന്‍റ് റവ. മാത്യു ഇടിക്കുള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രഫ. തമ്പി മാത്യു, ഡാനിയേല്‍ സി. വര്‍ഗീസ്, ആനി ജേക്കബ്, ഫിലിപ്പ് മാത്യു, തോമസ് മാത്യു, ഐപ്പ് സി. പരിമണം എന്നിവര്‍ ആശംസകളും യാത്രാമംഗളങ്ങളും നേര്‍ന്നു. സമ്മേളനത്തില്‍ ഡോ. ബിനു ഫിലിപ്പ് നന്ദി പറഞ്ഞു. റവ. ജോണ്‍ മത്തായി മറുപടി പ്രസംഗം നടത്തി.

റിപ്പോർട്ട്: അലൻ ജോൺ