ഷിക്കാഗോ സെന്‍റ് മേരീസില്‍ ഓശാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു
Wednesday, April 17, 2019 8:12 PM IST
ഷിക്കാഗോ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓശാന ഞായറാഴ്ച നടന്ന തിരുകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി. വികാരി മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുരുത്തോല തിരുനാള്‍ കര്‍മ്മങ്ങളിലും വിശുദ്ധ ബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു.

സഹ വികാരി ഫാ. ബിന്‍സ് ചേത്തലില്‍ വചനസന്ദേശം നല്‍കി. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജെറുസലേം നഗരവീഥിയിലൂടെ ക്രിസ്തുരാജന് ഒലിവിലചില്ലകളുയര്‍ത്തി ജയ് വിളികളാല്‍ എതിരേറ്റതിന്റെ ആചാരസൂചകമായി നടത്തിയ കുരുത്തോല പ്രദക്ഷണത്തില്‍ ഇടവക വിശ്വാസികളേവരും പങ്കെടുത്തു. മത്തായി സുവിശേഷത്തിലെ രണ്ടാം അധ്യായത്തെ പ്രതിപാദിച്ചു കൊണ്ട് നടത്തിയ വചന സന്ദേശത്തില്‍ എന്‍റെ യേശുവിന് എന്നെ ആവശ്യമുണ്ട് എന്നുള്ള ചിന്തയാണ് മക്കളായ നമ്മുടെ ജീവിതത്തിന്‍റെ തെരുവീഥികളില്‍ കര്‍ത്താവായ യേശുവിന് ഓശാന പാടുവാന്‍ പ്രേരിപ്പിക്കുന്നതെന്നും ആ തിരിച്ചറിവാണ് മനോഹരമായ ഈ ഓശാന തിരുനാളെന്ന് ബിന്‍സ് അച്ചന്‍ വചന സന്ദേശത്തില്‍ അറിയിച്ചു.

ഓശാന ഞായറിനോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7.45 നും 10 മണിക്കും വൈകിട്ട് 5.30നും നടത്തുകയുണ്ടായി.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം