ഓം വിഷു -ശുഭാരംഭ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
Thursday, April 18, 2019 9:46 PM IST
ഓര്‍ലാന്‍ഡോ: ഓര്‍ലാന്‍ഡോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ലാന്‍ഡോ ഹിന്ദു മലയാളിയുടെ (ഓം) വിഷു- ശുഭാരംഭ ആഘോഷങ്ങള്‍ ഏപ്രില്‍ 14-ന് ആഘോഷിച്ചു. വിഷുക്കണിയോടെ തുടങ്ങിയ വര്‍ണാഭമായ പരിപാടിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റ് ഡോ. രേഖാ മേനോന്‍ മുഖ്യാതിഥിയായിരുന്നു. ന്യൂയോര്‍ക്കിലെ സാംസ്കാരിക- സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായ നിയമ വിദഗ്ധന്‍ അപ്പന്‍ മേനോനും കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഓം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അശോക് മേനോന്‍ സ്വാഗതം ആശംസിച്ചു. പ്രവാസികളായ ഹിന്ദു മലയാളികള്‍ക്ക് കെ.എച്ച്.എന്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രയോജനകരമാകുമെന്നും ഒരു ഹിന്ദു കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണെന്നും ഡോ. രേഖാമേനോന്‍ ചൂണ്ടിക്കാട്ടി. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഈ ഹിന്ദു മാമാങ്കത്തിലേക്ക് ഓം അംഗങ്ങളെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതോടൊപ്പം, സ്ത്രീ ശാക്തീകരണം പ്രധാന പ്രമേയമായി എടുത്തിരിക്കുന്ന ഇത്തവണത്തെ കൂടിച്ചേരലില്‍ സ്ത്രീകളുടെ പ്രാതിനിധ്യവും കൂടുതല്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും രേഖാ മേനോന്‍ എടുത്തുപറഞ്ഞു.

ഇത്തവണത്തെ കൂടിച്ചേരലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ അപേക്ഷകള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അശോക് മേനോനും കെ.എച്ച്.എന്‍.എ ഫ്‌ളോറിഡ റീജിയന്‍ വൈസ് പ്രസിഡന്‍റുമായ നന്ദകുമാര്‍ ചക്കിങ്ങലും ഡോ. രേഖാ മേനോന്‍, കെ.എച്ച്.എന്‍.എ ട്രസ്റ്റി ബോര്‍ഡ് അംഗം കൈപ്പിള്ളി മനോജ് കുമാര്‍ എന്നിവര്‍ക്ക് കൈമാറി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രാം കുമാര്‍, ഡോ. ഉഷ മോഹന്‍ദാസ്, ഡോ. ഗിരീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പരിപാടികളുടെ ഭാഗമായി ഓം അംഗങ്ങള്‍ക്ക് ഐശ്വര്യത്തിന്റെ ഒരുവര്‍ഷം അനുഗ്രഹിച്ചുകൊണ്ട് ബോര്‍ഡ് അംഗവും കാരണവസ്ഥാനീയനുമായ ഡോ. അരവിന്ദ് പിള്ള വിഷുക്കൈനീട്ടം നല്‍കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്മിത നോബിളിന്റെ നേതൃത്വത്തില്‍ ഓം കുടുംബത്തിന്റെ ഇളയ തലമുറ അവതരിപ്പിച്ച പുതുമയും തനിമയുമുള്ള പരിപാടികള്‍ കാണികള്‍ക്ക് ഹൃദ്യമായ അനുഭവം പകര്‍ന്നു നല്‍കി. ഓം കുടുംബത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത-സംഗീത വിരുന്നും പരിപാടിക്ക് പകിട്ടേകി. പരിപാടികള്‍ക്കുശേഷം ജന്മനാട്ടിലെ വിഷുവിന്റെ ഓര്‍മ്മ പുതുക്കാന്‍ ഉതകുന്ന ഗംഭീര കരിമരുന്നു പ്രയോഗവും നടന്നു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം