നിർബന്ധ കുത്തിവയ്പ് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ കോടതി തള്ളി
Saturday, April 20, 2019 6:12 PM IST
ന്യൂയോർക്ക് സിറ്റി: മീസെല്‍സ് രോഗം വ്യാപകമായതിനെ തുടർന്ന് നിർബന്ധിത പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കണമെന്ന ന്യൂയോർക്ക് സിറ്റിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പേരു വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത അഞ്ചു മാതാപിതാക്കൾ നൽകിയ അപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് ജഡ്ജി തള്ളി.

കുത്തിവയ്ക്കാതിരുന്നത് പൊതുജനാരോഗ്യത്തിനു ഭീഷണിയില്ലെന്നും ഇതു തങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. വീടു കത്തുമ്പോൾ തീ അണയ്ക്കുന്നതിനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കാൻ വീട്ടുടമസ്ഥന്‍റെ അനുമതി ആവശ്യമില്ലാത്തതിനു തുല്യമാണ് പകർച്ചവ്യാധിക്കെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമില്ലെന്ന സിറ്റി അധികൃതരുടെ ഉത്തരവെന്ന് ജ‍ഡ്ജി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം ബ്രൂക്കലിൻ സിറ്റിയിലെ മൂന്നു മാതാപിതാക്കൾക്ക് 1000 ‍‍ഡോളർ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ടു ഇതിനകം സമൻസ് അയച്ചതായി സിറ്റി അധികൃതർ വെളിപ്പെടുത്തി.

ന്യൂയോർക്ക് സിറ്റി ഹെൽത്ത് കമ്മീഷണർ ഏപ്രിൽ 9 നാണ് നാലു പ്രദേശങ്ങളിലുള്ളവർ നിർബന്ധമായും പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത്. സ്കൂളുകളിലെ വാക്സിനേഷൻ റേറ്റ് 60 ശതമാനം മാത്രമാണ്.

പ്രതിരോധ കുത്തിവയ്പുകൾക്കനുകൂലമായി ഓർത്തഡോക്സ് യൂണിയൻ, മതനേതാക്കൾ തുടങ്ങിയവർ രംഗത്തെത്തി. മതം കുത്തിവയ്പു സ്വീകരിക്കുന്നതിനെതിരല്ലെന്ന് ഇവർ പറഞ്ഞു. കോടതി വിധിയെ ഇവർ സ്വാഗതം ചെയ്തു. പകർച്ച വ്യാധിയിൽ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതു അധികൃതരുടെ ഉത്തരവാദിത്തം കൂടിയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ