കെഎച്ച്എന്‍എ കണ്‍വെന്‍ഷന്‍: മിനി നായര്‍, ഇന്ദു രാജേഷ്, സഞ്ജിത് നായര്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ്
Wednesday, April 24, 2019 12:52 PM IST
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമതു കണ്‍വെന്‍ഷന്റെ സാംസ്‌ക്കാരിക പരിപാടികളുടെ സംയോജകരായി മിനി നായര്‍, ഇന്ദു രാജേഷ്, സഞ്ജിത് നായര്‍ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരം സ്വദേശിയായ മിനി നായര്‍ പത്തൊമ്പൊതു വര്‍ഷമായി അമേരിക്കയിലാണ്. ചിന്മയമിഷന്റെ സേവക്/അധ്യാപികയായി മൂന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്നു. തിരുവനന്തപുരം എഞ്ജിനീയറിംഗ് കോളേജില്‍ നിന്നു ബിടെക് ബിരുദവും, പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്, മെരിലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ എന്നിവയും എടുത്തിട്ടുണ്ട്. ഭര്‍ത്താവ് മഞ്ജുനാഥ് നായര്‍, മക്കള്‍ ഉമ, ഭവാനി എന്നിവരോടൊപ്പം കോളേജ് വില്‍, പെന്‍സില്‍വാനിയയില്‍ താമസിക്കുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ദു രാജേഷ് ചിന്മയമിഷന്റെ കേദാര്‍/മധുവന്‍ കേന്ദ്രങ്ങളില്‍ കലാസാംസ്‌ക്കാരികപരിപാടികളുടെ സംഘാടകയാണ്. കൊച്ചി സ്വദേശിയായഇന്ദു കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്. ഭര്‍ത്താവ് രാജേഷ് നായര്‍, മക്കള്‍ അതുല്‍, അര്‍ണവ് എന്നിവരോടൊപ്പം ന്യൂടൗണില്‍ താമസം.

ഇരുപത്തൊന്ന് വര്‍ഷമായി അമേരിക്കയിലുള്ള സഞ്ജിത് നായര്‍ ട്രൈസ്റ്റേറ്റ് ചിന്മയമിഷന്റെ പരിപാടികളിലെ സജീവസാന്നിധ്യമാണ്. തബല, മൃദംഗം, ഡ്രംസ് എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുള്ളസഞ്ജിത്, ആദിത്യ ബാനര്‍ജി, ബനാറസ് ഖരാനയിലെ ധനഞ്ജയ് മിശ്ര (തബല), തിരുവിടമരുതൂര്‍ രാധാകൃഷ്ണന്‍ (മൃദംഗം) എന്നിവരുടെ ശിഷ്യനാണ്. കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്നുംഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദമെടുത്തിട്ടുള്ള സഞ്ജിത്, ഭാര്യ നിഷ നായര്‍, മക്കള്‍ വരുണ്‍, റിതിക എന്നിവരോടൊപ്പം യാര്‍ഡ്‌ലിയിലാണ് താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. കലാ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namaha.org/convention/cultural2019.