വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിനു ഫോമയുടെ സഹായധനം.
Monday, May 13, 2019 12:42 PM IST
തിരുവല്ല: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി വസന്തകുമാറിന്റെ കുടുംബത്തിന് ഫോമയുടെ സഹായധനം കൈമാറും. അമേരിക്കന്‍ മലയാളികളില്‍ നിന്നും, ഫോമയുടെ നേതൃത്വത്തില്‍ സമാഹരിച്ച സംഭാവന ഒരു സഹായധനമായി വസന്താകുമാറിന്റെ ഭാര്യ ഷീനക്കും മക്കളായ അനാമിക, അമര്‍ദീപ് എന്നിവര്‍ക്ക് നല്‍കുന്നതായിരിക്കും. തിരുവല്ലയില്‍ നടക്കുന്ന ഫോമ കേരള കണ്‍വന്‍ഷനില്‍ സഹായധനം വസന്തകുമാറിന്റെ കുടുംബം ഏറ്റുവാങ്ങും.

ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അമേരിക്കന്‍ മലയാളികള്‍ ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാറുണ്ട്. ദുരിതത്തില്‍ വലയുന്നവര്‍ക്ക് ആശ്വാസമേകുവാന്‍, വലിയ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുവാന്‍ ഫോമായെ പ്രേരിപ്പിക്കുന്നതും ഈ വിശ്വാസമാണ്. സുമനസുകളുടെ സഹായങ്ങള്‍ വളരെ സുതാര്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഇതിനോടകം ഫോമാ ജനപ്രീതി നേടിക്കഴിഞ്ഞു.

ഈ ഉദ്യമത്തില്‍ സഹായിച്ചു സഹകരിച്ച എല്ലാവര്‍ക്കും പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്