അലബാമ സെനറ്റ് ഗര്‍ഭചിദ്ര നിരോധന നിയമം പാസാക്കി
Thursday, May 16, 2019 5:08 PM IST
അലബാമ: ഗര്‍ഭചിദ്രം നടത്തുന്ന ഡോക്ടടര്‍മാര്‍ക്ക് 99 വര്‍ഷം വരേയോ, ജീവപര്യന്തമോ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമ സെനറ്റ് പാസാക്കി. മേയ് 13 ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റാണ് ആറിനെതിരെ ഇരുപത്തിയഞ്ചു വോട്ടുകളോടെ H.B.314 ബില്‍ പാസാക്കിയത്. നേരത്തെ ഈ ബില്‍ അലബാമ ഹൗസും വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു.

അമേരിക്കയില്‍ കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് അലബാമ.സെനറ്റില്‍ 4 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതി സെനറ്റ് തള്ളി. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ആവശ്യപ്പെട്ടാല്‍ ഗര്‍ഭചിദ്രത്തിനനുമതി നല്‍കണമെന്ന ഭേദഗതി പതിനൊന്നിനെതിരെ 21 വോട്ടുകള്‍ക്കാണ് സെനറ്റ് തള്ളിയത്. ഗുരുതര ആരോഗ്യപ്രശ്‌നം ഉള്ള ഗര്‍ഭസ്ഥ ശിശുവിനേയും എക്ടോപില്‍ ഗര്‍ഭധാരണവും ഈ ബില്ലിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മേയ് 15 ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെ.ഐ.വി. ബില്ലില്‍ ഒപ്പിട്ടു ആറുമാസത്തിനുള്ളില്‍ നിയമം നടപ്പിലാകും. ആൻഡി അബോര്‍ഷനെ പിന്തുണയ്ക്കുന്ന ഗവര്‍ണര്‍ ഉടൻതന്നെ ബില്ലില്‍ ഒപ്പുവയ്ക്കുകയായിരുന്നു.

ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പിറന്നു വീഴുന്നതിനുള്ള അവകാശം ഒരു വിധത്തിലും നിഷേധിക്കാനാവില്ലെന്ന് ബില്ല് സെനറ്റില്‍ അവതരിപ്പിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ക്ലൈഡ് ചാബ്ലിഡ് പറഞ്ഞു. അതേസമയം അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാന്‍ഡല്‍ മാര്‍ഷല്‍ ബില്ലിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.

റിപ്പോർട്ട്:പി.പി. ചെറിയാൻ