മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്കൂള്‍ വാര്‍ഷികവും
Thursday, May 16, 2019 7:04 PM IST
ഷിക്കാഗോ: ഈവര്‍ഷത്തെ മതബോധന സ്കൂള്‍ വാര്‍ഷികം മേയ് 5 ന് ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ സഹവികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന മലയാളം സ്കൂള്‍ വാര്‍ഷികത്തില്‍ സൺഡേ സ്കൂളിൽ പഠിക്കുന്ന എഴുനൂറില്‍പ്പരം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.

നാല്പത്തഞ്ചോളം യുവജനങ്ങളാണ് പന്ത്രണ്ടാം ക്ലാസിൽ മതബോധനം പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള മാര്‍ കുര്യാളശേരി അവാര്‍ഡ് ആല്‍വിന്‍ കളപ്പുരയ്ക്കല്‍ അർഹമായി. മഹിമ ബിജോയിയും ആല്‍വിന്‍ മുക്കാട്ടും പ്രത്യേക കാഷ് അവാര്‍ഡിന് അര്‍ഹരായി.

എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കും നൂറുശതമാനം ഹാജരുള്ളവര്‍ക്കും ചടങ്ങിൽ സമ്മാനങ്ങള്‍ നല്‍കി. ഈവര്‍ഷം നിസ്തല സേവനം ചെയ്ത മതാധ്യാപകരേയും കാര്യനിര്‍വഹണസമിതി അംഗങ്ങളേയും പ്രത്യേകം ആദരിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

പൗരോഹിത്യത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. കെവിന്‍ മുണ്ടയ്ക്കലിനെ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. അസിസ്റ്റന്‍റ് ഡിആര്‍ഇമാരും മറ്റു കാര്യനിര്‍വഹണ സമിതി അംഗങ്ങളും കൈക്കാരന്മാരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോർട്ട്:ജോയിച്ചൻ പുതുക്കുളം