അമ്മയുടെ കൂടെ നടക്കാനിറങ്ങിയ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
Sunday, May 19, 2019 4:35 PM IST
ഫോര്‍ട്ട് വര്‍ത്ത് (ഡാളസ്): മെയ് 18-നു ശനിയാഴ്ച വൈകിട്ട് അമ്മയുടെ കൂടെ നടക്കാനിറങ്ങിയ എട്ടുവയസുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഫോര്‍ട്ട് വര്‍ത്തിലായിരുന്നു സംഭവം. 2900 ബ്ലോക്ക് ആറാം അവന്യൂവിലായിരുന്നു ഇരുവരും നടക്കാനിറങ്ങിയത്. ഇവരുടെ സമീപം പെട്ടെന്ന് ഒരു വാഹനം ബ്രേക്കിട്ട് നിര്‍ത്തി കുട്ടിയെ ബലമായി കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മാതാവ് ഉടന്‍ വാഹനത്തില്‍ നിന്നും കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഇവരെ തട്ടിമാറ്റി വാഹനം ഓടിച്ചുപോകുകയായിരുന്നു.

പോലീസ് ഉടന്‍ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ഷര്‍ട്ടും പച്ച ലെഗിന്‍സും ധരിച്ചിരിക്കുന്ന കുട്ടിക്ക് നാലടി അഞ്ചിഞ്ച് ഉയരവും ബ്രൗണ്‍ മുടിയുമാണെന്നു പോലീസ് അറിയിച്ചു.

ഗ്രേ കളറിലുള്ള ഫോര്‍ ഡോര്‍ സെഡാന്‍ വാഹനവും അത് ഓടിച്ചിരുന്ന നാല്പതിനോടടുത്ത് പ്രായമുള്ള ബ്ലാക് മാനേയുമാണ് പോലീസ് തിരയുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 911 വിളിച്ച് പോലീസിനെ വിവരം അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍