കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: ദേവി ജയന്‍ സംയോജക
Tuesday, May 21, 2019 7:32 PM IST
ന്യൂജേഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സാംസ്‌കരികപരിപാടികളുടെ ഷിക്കാഗോയില്‍നിന്നുള്ള സംയോജകയായി ദേവി ജയനെ
തിരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

ആലപ്പുഴ സ്വദേശിനിയായ ദേവി ജയന്‍ കെ എച്ച് എന്‍ എ യുടെ ഡിട്രോയിറ്റ് കണ്‍വന്‍ഷനിലെ കലാപരിപാടികളുടെ അവതാരകയും നൃത്തപരിപാടികളിലെ സജീവ അംഗവുമായിരുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മൈ കര്‍മ്മ എന്ന സ്ഥാപനത്തിന്‍റെ പ്രാരംഭകയും ലാസ്യ എന്ന നൃത്തക്കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളുമാണ്. ഷിക്കാഗോ കേന്ദ്രീകരിച്ച് നിരവധി നൃത്തരൂപങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.

ബയോടെക്‌നോളജിയില്‍ ബിരുദാനന്തരബിരുദമുള്ള ദേവി, ജോലിക്കൊപ്പം ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കുന്നു. പ്രശസ്ത സംവിധായകന്‍ ജയന്‍ മുളങ്ങാടിന്‍റേയും പ്രഫ. കല ജയന്‍റേയും മകളായ ദേവി 12 വര്‍ഷമായി അമേരിക്കയിലാണ്. ഭര്‍ത്താവ് : സജിത് പ്രസാദ്. മകള്‍: വൈഗ എന്നിവരോടൊപ്പം ഷിക്കാഗോയില്‍ താമസം.

ഓഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജേഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക.

റിപ്പോർട്ട്: പി. ശ്രീകുമാർ