ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു
Tuesday, May 21, 2019 8:03 PM IST
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ ഇടവക സേവികാസംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നഴ്സസ് വാരം സമുചിതമായി ആഘോഷിച്ചു.

ഇമ്മാനുവേൽ മാർത്തോമ ഇടവകയിലെ അംഗങ്ങളും അമേരിക്കയിൽ 25 വർഷങ്ങളിലധികം സേവനം ചെയ്തിട്ടുള്ളവരുമായ നഴ്സുമാരെ വാരാഘോഷത്തിന്‍റെ ഭാഗമായി ആദരിച്ചു. ഈ വർഷം രജത ജൂബിലി ആഘോഷിക്കുന്ന ഇമ്മാനുവേൽ ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ നഴ്സുമാരെയാണ് ആദരിച്ചത്.

മേയ് 19 നു വിശുദ്ധ കുർബാനക്കുശേഷം നടന്ന സമ്മേളനത്തിൽ ഇമ്മാനുവേൽ സേവികാസംഘം സെക്രട്ടറി മെറീന മാത്യു സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായിരുന്ന മാർത്തോമാ സഭ മുൻ വികാരി ജനറാൾ റവ. ഡോ.ചെറിയാൻ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ഇടവകയിലെ ഏറ്റവും മുതിർന്ന 3 നഴ്സുമാർ ചേർന്ന് ദീപം തെളിക്കുകയും ഇടവകയിലെ എല്ലാ നഴ്സുമാരും ചേർന്ന് പുനഃസമർപ്പണ പ്രാർഥന നടത്തുകയും ചെയ്തു.25 വർഷത്തിലധികമായി അമേരിക്കയിൽ നഴ്സുമാരായി സേവനം അനുഷ്ടിച്ച 75ൽ പരം നഴ്സുമാരെ സമ്മേളനത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

ആനി ജോജി ,ബെറ്റ്സി വര്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലിജി മാത്യൂസ് ഗാനം ആലപിച്ചു. രമണി മാത്യു,മറിയാമ്മ ഉമ്മൻ ,ശാലിനി പാപ്പച്ചൻ എന്നിവർ കോഓർഡിനേറ്റർമാരായിരുന്നു.

റിപ്പോർട്ട് : ജീമോൻ റാന്നി