നാഷണല്‍ ജിയോഗ്രാഫിക്ക് ജിയോബി മത്സരം ആദ്യ മൂന്നു സ്ഥാനങ്ങള്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക്
Friday, May 24, 2019 2:32 PM IST
വാഷിംഗ്ടണ്‍ ഡിസി: നാഷണല്‍ ജിയോഗ്രാഫിക്ക് ജയോബി മുപ്പത്തി ഒന്നാമത് വാര്‍ഷിക മത്സരങ്ങളില്‍ മൂന്നു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ആദ്യത്തെ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. മെയ് 22 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മത്സരത്തില്‍ ടെക്‌സസില്‍ നിന്നുള്ള കാനിയന്‍ റിഡ്ജ് മിഡില്‍ സ്‌ക്കൂള്‍ (ഓസ്റ്റിന്‍) എട്ടാം ഗ്രേഡ് വിദ്യാര്‍ഥി നിഹാര്‍ ജന്‍ഗ ഒന്നാം സ്ഥാനവും, മസാച്യുസെറ്റ്‌സ് ലക്‌സിംഗ്ടണ്‍ വില്യം ഡയമണ്ട് മിഡില്‍ സ്‌കൂള്‍ ആറാം ഗ്രേഡ് വിദ്യാര്‍ഥി എട്രിയ മല്ലാന രണ്ടാം സ്ഥാനവും, മേരിലാന്റ് ഇല്ലിക്കോട് മില്‍സ് മിഡില്‍ സ്‌ക്കൂള്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ഥി റിഷി കുമാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം ലഭിച്ച നിഹറിന് 25000 ഡോളറും രണ്ടാം സ്ഥാനം നേടിയ മല്ലാനക്ക് 10000 ഡോളറും റിഷിക്ക് 5000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക. അമ്പത്തിനാല് സ്റ്റേറ്റ്, ടെറിട്ടറികളില്‍ നിന്നും സെമി ഫൈനലിസ്റ്റുകളായ പത്തു പേരിലാണ് മൂവരും ഉള്‍പ്പെട്ടിരുന്നത്.

രാജ്യത്താകമാനമുള്ള പതിനായിരം സ്‌കൂളുകളില്‍ നിന്നുള്ള നാല് മുതല്‍ 8 വരെ ഗ്രേഡിലുള്ള വിദ്യാര്‍ത്ഥികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം നടന്ന മത്സരങ്ങളിലും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളും പങ്കിട്ടെടുത്തത്. മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ 120 മില്യണ്‍ വിദ്യാര്‍ത്ഥികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ളത്.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍