നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഫാ. ജോസഫ് വര്‍ഗീസ് നിയമിതനായി
Sunday, May 26, 2019 2:41 PM IST
ന്യൂയോര്‍ക്ക്: നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ടാസ്‌ക് ഫോഴ്‌സ് (എന്‍സിസി) അംഗമായി ഫാ. ജോസഫ് വര്‍ഗീസ് നിയമിതനായി. സത്യത്തിനും വംശീയനീതിക്കും വേണ്ടി നിലകൊള്ളുന്നതാണ് ഈ ടാസ്‌ക് ഫോഴ്‌സ്. ഇതാദ്യമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഈ കമ്മിറ്റിയിലേക്ക് ഒരാള്‍ നിയമിതനാവുന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ലോകമെമ്പാടുമുള്ള വംശീയ വിദ്വേഷത്തിന് അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് എന്‍സിസി ടാക്‌സ് ഫോഴ്‌സിനു രൂപം കൊടുത്തത്. ഐക്യരാഷ്ട്ര സഭ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്നതിനു സമാനമായാണ് എന്‍എസിസിയുടെ ടാസ്‌ക് ഫോഴ്‌സിന്റെയും പ്രവര്‍ത്തനം.

2018 നവംബറില്‍ ടൊറന്റോയില്‍ നടന്ന ആഗോള മതസമ്മേളനത്തിനു ഫാ. ജോസഫ് വറുഗീസ് മോഡറേറ്ററായി പങ്കെടുത്തിരുന്നു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയിലെ വൈദികനായ ഫാ. ജോസഫ് വറുഗീസ് റിലീജിയന്‍സ് ഫോര്‍ പീസ് യുഎസ്എ-യില്‍ എക്‌സിക്യൂട്ടീവ് അംഗമായും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയന്‍സ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും യുഎസ് കണ്‍സള്‍ട്ടേഷന്‍ ഓഫ് ദി ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് റോമന്‍ കാത്തലിക്ക് ചര്‍ച്ചസ് അംഗമായും സേവനമനുഷ്ഠിക്കുന്നു. മറ്റു പല രാജ്യാന്തര ഫോറങ്ങളിലും സജീവമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍