എന്‍.കെ. ലൂക്കോസ് ടൂര്‍ണമെന്റിനു കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആതിഥേയത്വം വഹിക്കും
Wednesday, June 12, 2019 12:43 PM IST
സാന്‍ഹൊസെ: നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ കായിക ലോകത്തെ ഇതിഹാസതാരമായിരുന്ന എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി വര്‍ഷംതോറും നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണമെന്റിനു 2019ല്‍ ആതിഥേയത്വം വഹിക്കുന്നത് കാലിഫോര്‍ണിയയിലെ സാന്‍ഹൊസെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലാസ്റ്റേഴ്‌സ് വോളിബോള്‍ ക്ലബാണ്.

സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഈ കായിക സുദിനത്തില്‍ പന്ത്രണ്ടോളം സ്റ്റേറ്റുകളില്‍ നിന്നായി ടീമുകള്‍ പ്രതിനിധാനം ചെയ്യുന്നു. വമ്പിച്ച ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന വാശിയേറിയ ഈ കായിക മാമാങ്കം സാന്‍ഹൊസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്‌കൂളില്‍ (617 North Jackson Ave, Sanjose, CA 95133) വച്ച് നടക്കും.

നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായികപ്രേമികളേയും ആന്റണി ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി സ്വാഗതം ചെയ്യുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും സൗജന്യ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. സാന്‍ജോസിലെ ക്രൗണ്‍പ്ലാസാ സിലിക്കണ്‍വാലി ( 777 Bellew Dr, Milpitas, CA 95035) ഹോട്ടല്‍ സമുച്ചയമാണ് കായികതാരങ്ങള്‍ക്കും കാണികള്‍ക്കുമായി താമസിക്കാന്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ഇളവുകളിലുള്ള ഗ്രൂപ്പ് ബുക്കിംഗിനു ഹോട്ടലുമായി ബന്ധപ്പെടാം. (ക്രൗണ്‍പ്ലാസാ ഹോട്ടല്‍: 408 321 9500) എയര്‍പോര്‍ട്ട് ഷട്ടില്‍ സര്‍വീസ് രാവിലെ 5.30 മുതല്‍ രാത്രി 10.30 വരെ സൗജന്യമായി ലഭിക്കുന്നതാണ്.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി ക്ലബ് പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടില്‍, ചെയര്‍പേഴ്‌സണ്‍ പ്രേമ തെക്കേക്ക്, സെക്രട്ടറി രാജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ടോമി പഴേമ്പള്ളില്‍, ട്രഷറര്‍ ജോസുകുട്ടി മഠത്തില്‍, ജോയിന്റ് ട്രഷറര്‍ ടോമി വടുതല, പി.ആര്‍.ഒ സാജു ജോസഫ് എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി ഇല്ലിക്കാട്ടില്‍ (408 888 7516). പി.ആര്‍.ഒ സാജു ജോസഫ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം