ഹൂസ്റ്റൺ എസ്എൻജി മിഷന് സ്വപ്ന സാക്ഷാത്കാരം
Friday, June 14, 2019 3:42 PM IST
ഹൂസ്റ്റൺ: നാളുകളായി താലോലിച്ചുകൊണ്ടിരുന്ന ഹൂസ്റ്റൺ നിവാസികളായ ശ്രീ നാരായണ മിഷന്‍ അംഗങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ജൂൺ രണ്ടിന് ശ്രീമദ് ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാർമികത്വത്തിൽ ഭക്തി സാന്ദ്രമായ സമർപ്പണ ചടങ്ങുകളോടെ ആഗ്രഹ സാഫല്യമായി.

സമൂഹപ്രാർഥന, ആധ്യാത്മിക പ്രഭാഷണം, ആശംസ സന്ദേശങ്ങൾ എന്നിവയ്ക്കുശേഷം അന്നദാനവും നടന്നു. തുടർന്നു സർവൈശ്വര്യ പൂജയും മറ്റ് പ്രാർഥനാ യോഗവും നടന്നു.

നവോത്ഥാന സഞ്ചാരത്തേയും സാമൂഹ്യ മുന്നേറ്റത്തെയും ദീപ്തമായ ദിശയിലേക്ക് കൊണ്ടു പോകുന്നതിൽ നിർണായക പങ്കുവഹിച്ച ചരിത്ര പുരുഷനായ ശ്രീ നാരായണ ഗുരുദേവന്‍റെ "ഓം സാഹോദര്യം സർവത്ര " എന്ന ആശയം ലോകം മുഴുവൻ പ്രചരിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്ന് ചടങ്ങിൽ ഗുരുപ്രസാദ് സ്വാമി ഉദ്ബോധിപ്പിച്ചു. ഈ സംരംഭത്തിന് പിന്തുണ നല്കി സഹകരിച്ച എല്ലാ സുമനസുകൾക്കും കേവലം വെറും നന്ദി വാക്കുകൾക്കതീതമായ സൗഹൃദം ഞങ്ങൾ കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഈ മഹാ ജ്യോതിസ്സിന്റെ പ്രഭ നമ്മുടെ സമൂഹത്തിലേക്ക് ഏകോദര സോദരബുദ്ധ്യാ പടർത്തുവാൻ, വളർന്ന് പന്തലിച്ച് ലോകം മുഴുവൻ സോദരത്വേന വാഴുന്ന ഒരു മാതൃക സ്ഥാനമാക്കണമിതെന്നും ഉദ്ബോധിപ്പിച്ചു.

ഹൂസ്റ്റൺ ശ്രീനാരായണ ഗുരു മിഷൻ പ്രസിഡന്‍റ് മുരളീ കേശവൻ, സെക്രട്ടറി പ്രകാശൻ ദിവാകരൻ, ട്രഷറർ അനുരാജ് എന്നിവരുടെ ആശംസകൾ നേർന്നു സംസാരിച്ചു.

റിപ്പോർട്ട്: ശങ്കരന്‍കുട്ടി