ഡാളസിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസം ഓഗസ്റ്റ് 17 ന്
Monday, June 17, 2019 8:41 PM IST
ഡാളസ്: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഡാളസിൽ സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ കർമം ഓഗസ്റ്റ് 17 ന് (ശനി) നടക്കും. ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ ആശ്രമ ഭൂമിയിൽ പ്രത്യേകം തയാർ ചെയ്ത വേദിയിൽ ശാന്തി ഹവനം , മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും .

ഉച്ചകഴിഞ്ഞു 12.30 ന് നടക്കുന്ന ശിലാന്യാസ ചടങ്ങുകൾക്ക്, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി, സ്കൂൾ ഓഫ് വേദാന്ത മുഖ്യാചാര്യൻ ശ്രീമദ് മുക്താനന്ദ യതി സ്വാമിജി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

ഓഗസ്റ്റ് 18 ന് (ഞായർ) രാവിലെ 9 ന് നടത്തപ്പെടുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ജനറൽ ബോഡി യോഗം , ആശ്രമം ട്രസ്റ്റ് ബോർഡിനെയും ഭരണ നിർവാഹക സമിതിയേയും തെരെഞ്ഞെടുക്കും.

ശിവഗിരി മഠത്തിന്‍റെ ഭാരതത്തിനു പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപന കർമവും വർണാഭമാക്കുവാൻ ഡാളസ് കേന്ദ്രമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്:പി.പി. ചെറിയാൻ