അയോവയിൽ നാലംഗ ഇന്ത്യൻ കുടുംബം വെടിയേറ്റ് മരിച്ച നിലയിൽ
Tuesday, June 18, 2019 9:58 PM IST
അയോവ: നാലംഗ ഇന്ത്യൻ കുടുംബത്തെ അയോവയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള ചന്ദ്രശേഖർ സങ്കരയും കുടുംബത്തെയുമാണ് വെസ്റ്റ് ഡി മൊയിൻസിലെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

ജൂൺ 15 നാണ് സംഭവം. അയോവ ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി ഇൻഫർമേഷൻ ടെക്നോളജി യൂണിറ്റിൽ കഴിഞ്ഞ 11 വർഷമായി ജോലി ചെയ്യുന്ന ചന്ദ്രശേഖർ സങ്കര (44) ഭാര്യ ലാവണ്യ (41) ഇവരുടെ പതിനഞ്ചും പത്തും വയസുള്ള രണ്ട് ആൺമക്കളുമാണ് മരിച്ചത്. ഇവരുടെ വീട്ടിൽ അതിഥികളായി എത്തിചേർന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.

ഇവരുടെ മാതാപിതാക്കൾ ഹൈദരാബാദിലാണ്. അടുത്തിടെയാണ് കുടുംബം പുതിയതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറ്റിയത്. ചന്ദ്രശേഖറിനുണ്ടായ വിഷാദ രോഗമായിരിക്കാം ഭാര്യയെയും കുട്ടികളെയും വെടിവെച്ചു കൊലപ്പെടുത്തി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചനയെന്ന് അധികൃതർ അറിയിച്ചു.

കൊല്ലപ്പെട്ട രണ്ടു കുട്ടികളും വിദ്യാർഥികളായിരുന്നു. കുടുംബാംഗങ്ങളുടെ അഭ്യർഥനയെതുർന്നു പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട്:പി.പി. ചെറിയാൻ