കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിക്ക് സ്വീകരണം
Wednesday, June 19, 2019 7:40 PM IST
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ പൗരസ്ത്യ തിരുസംഘം പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിക്ക് ഷിക്കാഗോ സെന്‍റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്കി.

അമേരിക്കയിലെ പൗരസ്ത്യസഭകളില്‍ സന്ദര്‍ശനത്തിനെത്തിയ കര്‍ദ്ദിനാള്‍ സാന്ദ്രിയെ കേരളത്തനിമയില്‍ അങ്ങാടിയത്ത് പിതാവ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, കത്തീഡ്രല്‍ വികാരിയും വികാരി ജനറാളുമായ റവ.ഫാ. തോമസ് കടുകപ്പള്ളി, വികാരി ജനറാളും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ റവ.ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, കത്തീഡ്രല്‍ സഹ വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ രൂപതയിലെ മറ്റു വൈദീകര്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇടവകയിലെ കുട്ടികള്‍ വെള്ള വസ്ത്രമണിഞ്ഞ് താലപ്പൊലിയുമേന്തിയും സ്ത്രീകളും പുരുഷന്മാരും കേരളത്തനിമയിലുള്ള വേഷവുമണിഞ്ഞ് അണിനിരന്ന് കര്‍ദ്ദിനാളിനെ ദേവാലയത്തിലേക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.

തുടര്‍ന്നു കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണവും നടന്നു. സ്വാഗത പ്രസംഗത്തിൽ മാര്‍ ജേക്കബ് അങ്ങാടിയത്ത് സീറോ മലബാര്‍ രൂപത സ്ഥാപനം മുതല്‍ അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയെപ്പറ്റിയും ഗള്‍ഫ് നാടുകളിലെ നാലു ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സ്വന്തമായി ഒരു രൂപതയുടെ ആവശ്യത്തെപ്പറ്റിയും ചൂണ്ടിക്കാട്ടി.

കര്‍ദ്ദിനാള്‍ സാന്ദ്രി വചനസന്ദേശത്തില്‍ സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസതീക്ഷ്ണതയേയും ദൗത്യങ്ങളെപ്പറ്റിയും പ്രത്യേകം അനുസ്മരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദിവ്യബലിയെ തുടര്‍ന്ന് കര്‍ദ്ദിനാള്‍, ഫ്രാന്‍സീസ് മാര്‍പാപ്പ കൊടുത്തയച്ച പ്രത്യേക മെഡല്‍ രൂപതാധ്യക്ഷനു കൈമാറി. അങ്ങാടിയത്ത് പിതാവ് രൂപതയുടെ പ്രത്യേകം തയാറാക്കിയ മൊമെന്‍റോ കര്‍ദ്ദിനാളിനു സമ്മാനിച്ചു. തനിക്ക് നല്‍കിയ സ്വീകരണത്തിന് പിതാവ് പ്രത്യേകം നന്ദി പറഞ്ഞു.

സഹായ മെത്രാന്‍ ഇടവക സന്ദര്‍ശിച്ച കര്‍ദ്ദിനാളിനേയും അദ്ദേഹത്തോടൊപ്പമുള്ള ഇടവക വികാരിക്കും മറ്റു വൈദീകര്‍ക്കും ഇടവക ജനത്തിനും നന്ദി പറഞ്ഞു. കൈക്കാരന്മാരും മറ്റു പള്ളി ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം