ഷിക്കാഗോ സീറോ മലബാർ കൺവൻഷനു സുശക്തമായ നേതൃത്വം: മുന്നിൽ നിന്ന് നയിക്കാൻ അലക്‌സാണ്ടർ കുടക്കച്ചിറ
Friday, June 21, 2019 4:04 PM IST
ഹൂസ്റ്റൺ : ഷിക്കാഗോ സീറോ മലബാര്‍ രൂപത വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ഹൂസ്റ്റണിൽ നടക്കുന്ന കൺവൻഷനുള്ള ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് അലക്‌സാണ്ടർ കുടക്കച്ചിറ.

രണ്ടു വർഷം മുൻപേ കൺവൻഷൻ ഏറ്റെടുത്തു നടത്താനായി ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോന ഒരുക്കമിട്ടപ്പോൾ ചെയർമാൻ സ്ഥാനത്തേക്കു ഐക്യകണ്ഠേന നിർദേശിക്കപ്പെട്ടതു അലക്‌സാണ്ടർ കുടക്കച്ചിറയെ ആണ്. ഏറ്റെടുത്ത ദൗത്യം ഉത്തരവാദിത്തത്തോടെ നടത്തുന്നതിന്‍റെ തിരക്കിലാണ് അലക്‌സാണ്ടർ കുടക്കച്ചിറ ഇപ്പോൾ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നാല്പതോളം കമ്മിറ്റികളിലായി നൂറ്റമ്പതോളം അംഗങ്ങൾ കൺവൻഷന്‍റെ വിജയത്തിനായി കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിക്കുന്നു.

സൗമ്യവും ദീപ്തവുമായ വ്യക്‌തിത്വവും ഏവരോടും ഒരുപോലെ ഇടപഴകുന്ന ശൈലിയും മികച്ച നേതൃ പാടവവും കുടക്കച്ചിറയെ വ്യത്യസ്തനാക്കുന്നു. 2018 സെപ്റ്റംബര്‍ 16 ന് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ മാര്‍ ജോയ് ആലപ്പാട്ട് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് ദേവാലയത്തില്‍ കൺവൻഷന്‍റെ കിക്കോഫ്‌ നിർവഹിച്ചു. തുടർന്ന് കുടക്കച്ചിറയുടെ നേതൃത്വത്തിൽ എക്സിക്യുട്ടീവ് അംഗങ്ങങ്ങൾ അമേരിക്കയിലുടെനീളം സീറോ മലബാർ ഫൊറോനകളിലും ഇടവകകളിലും മിഷനുകളിലുമായി രജിസ്‌ട്രേഷൻ കിക്കോഫുകൾ സംഘടിപ്പിക്കുകയും പ്രാഥമികഘട്ട ജോലികൾ നേരത്തെ തന്നെ പൂർത്തിയാക്കുകയും ചെയ്തു. കൺവൻഷൻ തുടങ്ങുന്നതിനു മാസങ്ങൾക്കു മുൻപേ രജിസ്‌ട്രേഷൻ നാലയിരത്തോളം എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.

കെമിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ അലക്‌സാണ്ടർ ഹൂസ്റ്റണിലെ കെംപ്ലാസ്റ്റ്‌ എന്ന പ്ലാസ്റ്റിക് പ്രോഡക്ട്സ് മാനുഫാക്ച്ചറിംഗ് കമ്പനിയുടെ സ്ഥാപകനും സിഇഒ യുമാണ്. നൂറോളം വരുന്ന ഹൂസ്റ്റണിലെ ഇന്ത്യൻ വംശജർക്കും തൊഴിൽ ദാതാവാണ് ഈ സ്ഥാപനം. അലക്‌സാണ്ടർ കുടക്കച്ചിറയുടെ ദീർഘവീക്ഷണം കെംപ്ലാസ്റ്റിനു 2014 ഹൂസ്റ്റൺ ബിസിനസ് ജേർണൽ അവാർഡ് , 2017 ഹൂസ്റ്റൺ മൈനോറിറ്റി സപ്ലയർ കൗൺസിൽ എമേർജിംഗ് ഇ 10 അവാർഡ്, 2018 ഹാൾ ഓഫ് ഫെയിം സ്റ്റാഫ്‌ഫോർഡ് എന്നീ പുരസ്കാരങ്ങൾ നേടികൊടുക്കുന്നതിനു സഹായിച്ചു. അതിനാൽ തന്നെ രണ്ടു മില്യൺ ചിലവിൽ നടത്തുന്ന കൺവൻഷനു വേണ്ട നേതൃപാടവും സംഘാടക മികവും പ്രവർത്തന പരിചയവും കൈമുതലായുണ്ട്.

പോയ വർഷം ഹൂസ്റ്റണിൽ ഹാർവി കൊടുങ്കാറ്റ് പ്രളയം ദുരിതം വിതച്ചപ്പോൾ ദുരിത ബാധിതരെ സഹായിക്കുവാൻ കുടക്കച്ചിറ മുന്നോട്ടുവന്നു. വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സേവന തല്പപരനാണ് അലക്‌സാണ്ടർ . ഹൂസ്റ്റൺ സെന്‍റ് ജോസഫ് ദേവാലയത്തിന്‍റെ സ്‌ഥാപക നേതാക്കളിൽ ഒരാളും ഇടവകയുടെ ആരംഭകാലത്ത്‌ സിസിഡി മതാധ്യാപകനായും ട്രസ്റ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൂഞ്ഞാർ പെരുങ്ങുളം സ്വദേശിയായ അലക്‌സാണ്ടർ , ഭാര്യ വത്സക്കും (തൊടുപുഴ തുണ്ടത്തിൽ കുടുംബം) മകൻ ജുബിനും മരുമകൾ ജയിമിയുമൊപ്പം മിസോറി സിറ്റിയിൽ താമസിക്കുന്നു.

ഹൂസ്റ്റണിൽ നടക്കുന്ന കൺവൻഷൻ ചരിത്രപരമാകുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരമാധി ആൾക്കാരെ പങ്കെടുപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അതിനായി വേണ്ടിവന്നാൽ കൂടുതൽ ഹോട്ടലുകൾ ബുക്കു ചെയ്യും. അമേരിക്കയിലെ വിശ്വാസികളേവരെയും ഹൂസ്റ്റണിൽ നടക്കുന്ന വിശ്വാസ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ ഇടവകകളിലിൽ നിന്നും ലഭിച്ച സ്നേഹത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ