നായയെ ചുംബിച്ച യുവതിക്ക് നഷ്ടമായത് കവിളും മൂക്കും ചുണ്ടും
Friday, June 21, 2019 5:04 PM IST
ഫ്ലോറൽ സിറ്റി (ഫ്ളോറിഡ): വീട്ടിൽ വളർത്തുന്ന 200 പൗണ്ട് തൂക്കമുള്ള (90 കിലോ) ബുൾ മസ്റ്റിഫ് എന്ന വർഗത്തിൽപ്പെട്ട നായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് കവിളും ചുണ്ടും മൂക്കും.

ജൂൺ 19 ന് ബ്രൂക്ക്സ് വില്ല കാനൽ ഡ്രൈവിലായിരുന്നു സംഭവം.ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയെ കണ്ടയുടനെ നായ കുരയ്ക്കുകയും അക്രമാസക്തമാവുകയും ചെയ്തു. നായയെ ശാന്തമാക്കുന്നതിന് ചുംബിക്കാൻ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. നായ യുവതിയുടെ ചുണ്ടിലും കവിളിലും മൂക്കിലും കടിക്കുകയും അനിയന്ത്രിതമായി രക്തം വരുകയും ചെയ്തും. ഉടൻതന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതിനെ തുടർന്നു ലോക്കൽ ഹോസ്പിറ്റലിൽ നിന്നും ട്രോമ യൂണിറ്റിലേക്ക് മാറ്റി.

ഒരാഴ്ച മുമ്പ് ഫ്ലോറൽ സിറ്റിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്നതാണ് ഈ നായെ. സംഭവ സ്ഥലത്തു എത്തിച്ചേർന്ന ഡപ്യൂട്ടി പിന്നീട് നായയെ സംരംക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വർഷത്തിൽ 4.5 മില്യൺ പേരാണ് അമേരിക്കയിൽ നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. വലിയ ഇനത്തിൽപെട്ട നായ്ക്കൾ എപ്പോഴാണ് പ്രകോപിതരാകുക എന്ന് മനസിലാക്കുക അസാധ്യമാണ്. കുട്ടികളും മുതിർന്നവരും ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട്:പി.പി. ചെറിയാൻ