ഡ്യൂട്ടിക്കിടയിൽ വനിതാ പോലീസ് ഓഫീസർ വെടിയറ്റു മരിച്ചു
Friday, June 21, 2019 5:16 PM IST
കലിഫോർണിയ: കുടുംബ കലഹത്തെ തുടർന്നു വീടിനുള്ളിൽ പ്രതിരോധം സൃഷ്ടിച്ച പ്രതിയുടെ വെടിയേറ്റു ഇരുപത്താറുകാരിയായ വനിതാ പോലീസ് ഓഫിസർ താര ഒ. സുള്ളിവാൻ വെടിയേറ്റു മരിച്ചു.

എഡ്ജ് വാട്ടറിനു സമീപം റെഡ് വുഡ് അവന്യുവിൽ ജൂൺ 19 നായിരുന്നു സംഭവം. വീട്ടിൽ നിന്നും സാധനങ്ങൾ എടുത്തു പുറത്തു കടക്കാൻ ശ്രമിച്ച യുവതിയെ വീട്ടിനുള്ളിൽ തടഞ്ഞു നിർത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതറിഞ്ഞാണ് താര ഉൾപ്പെടെയുള്ള ഓഫീസര്‍മാർ സംഭവ സ്ഥലത്തെത്തിയത്. പ്രതിയെ പിടികൂടുന്നതിന് വീടിനു പുറകിലെത്തിയ താരയ്ക്കു നേരെ അകത്തു നിന്നും ഇയാൾ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റു വീണ വനിതാ ഓഫിസറെ അവിടെ നിന്നും മാറ്റുന്നതിന് ശ്രമിച്ച മറ്റു ഓഫീസർമാർക്കു നേരെയും അകത്തു നിന്നും തുടർച്ചയായി വെടിവച്ചതിനാൽ 45 മിനിറ്റിനു ശേഷമാണ് താരയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. വെടിവച്ച പ്രതി അദൽ സംമ്പ്രാനൊ റമോസാണെന്ന് പോലീസ് വെളിപ്പെടുത്തി.

പ്രതിരോധം തീർത്ത് പ്രതിയെ എട്ടു മണിക്കൂറിനുശേഷം പുറത്തു കടത്തി അറസ്റ്റു ചെയ്തു. സംഭവത്തിൽ വീടിനകത്തുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.

2018 ജനുവരിയിലാണ് താര പോലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്. സാക്രമെന്‍റോ പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി ഇവർ 2017 സാക്രമെന്‍റോ സ്റ്റേറ്റ് ലൊ എൻഫോഴ്സ്മെന്‍റ് കാൻഡിഡേറ്റ് സ്കോളർഷിപ്പ് പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസ് ഗ്രാജുവേറ്റായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ