സ്വവർഗ വിവാഹിതയായ അധ്യാപികയെ പിരിച്ചുവിടണമെന്ന ആവശ്യം സ്കൂൾ അധികൃതർ തള്ളി
Saturday, June 22, 2019 8:39 PM IST
ഇൻഡ്യാന: സ്വവർഗ വിവാഹിതയായ അധ്യാപികയെ പിരിച്ചു വിടണമെന്ന് ഇൻഡ്യാന ആർച്ച് ബിഷപ് ചാൾസ് സി. തോംപ്സണിന്‍റെ ഉത്തരവ് നിരസിച്ച ഇൻഡ്യാന ജെസ്യൂട്ട് പ്രിപ്പറേറ്ററി സ്കൂളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സഭ അധികൃതർ അറിയിച്ചു.

ജൂൺ 21 നാണ് ബിഷപ്പിന്‍റെ ഔദ്യോഗിക തീരുമാനം സ്കൂൾ അധികൃതരെ അറിയിച്ചത്. ആർച്ച് ഡയോസിസിന്‍റെ അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന ബ്രീബഫ് ജെസ്യൂട്ട് സ്കൂൾ 1962 ൽ സ്ഥാപിതമായതാണ്. സ്വവർഗ വിവാഹം കത്തോലിക്കാ സഭാ അംഗീകരിക്കാത്തതിനാലാണ് സഭയുടെ വിശ്വാസത്തിനെതിരെ പ്രവർത്തിച്ച അധ്യാപികയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ആർച്ച് ബിഷപ് കത്ത് നൽകിയത്. ടീച്ചറുടെ ഐഡൻഡിറ്റി വെളിപ്പെടുത്തുവാൻ താൽപര്യമില്ലെന്നും ഇവർ പറഞ്ഞു.ടീച്ചറുമായുള്ള കരാർ പുതുക്കുന്നതിനു മുമ്പ് വാക്കാൽ നിർദേശം നൽകിയിരുന്നുവെങ്കിലും സ്കൂൾ അധികൃതർ അതു ഗൗരവമായി എടുത്തിരുന്നില്ല. ദീർഘകാലമായി സ്കൂളില്‍ പ്രവർത്തിക്കുന്ന ഇവർ മാതൃകാ ടീച്ചറായിരുന്നുവെന്നും ഇവരെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നുവെന്നും സ്വവർഗ വിവാഹം കഴിച്ചു എന്നതിന്‍റെ പേരിൽ പിരിച്ചുവിടാനാകില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വാദം. സാഹചര്യം വിശദീകരിച്ച് ആർച്ച് ബിഷപ്പിന് കത്തു നൽകുമെന്നും ബിഷപ്പിന്‍റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജെസ്യൂട്ട് സ്കൂൾ പ്രസിഡന്‍റ് ഫാ. വില്യമും ട്രസ്റ്റി ബോർഡ് അംഗങ്ങളും അറിയിച്ചു.

കത്തോലിക്കാ സഭയുടെ വിശ്വാസത്തിനും കീഴ്‌വഴക്കങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്നതുവരെ നിരോധനം നിലനിൽക്കുമെന്ന് ആർച്ച് ഡയോസിസ് അറിയിച്ചു.