ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് തടവ് ശിക്ഷ
Saturday, June 22, 2019 8:57 PM IST
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി തരൺ ജിത്ത് പാർമറെ (18) വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡാനിയേൽ കൊപ്പോളൊയെ 5 മുതൽ 15 വർഷത്തേക്ക് തടവിനു വിധിച്ചു. നാസ് കൗണ്ടി ജഡ്ജി ടെറൻസ് മർഫിയുടേതാണ് വിധി.

2017 നവംബറിൽ നടന്ന സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാർമർ ഓടിച്ചിരുന്ന ജീപ്പ് എതിർദിശയിൽ വന്നിരുന്ന പ്രതിയുടെ ട്രക്കുമായി കൂട്ടിയിടിച്ചു. കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ലെങ്കിലും പാർമർ ജീപ്പിൽ നിന്നും ഇറങ്ങി ഇൻഷ്വറൻസ് കൈമാറുകയായിരുന്നു. ഇതിനിടയിൽ ഡാനിയേൽ ട്രക്ക് മുമ്പോട്ട് എടുക്കുകയും പാർമറെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ ട്രക്ക് കയറ്റി ഓടിച്ചു പോകുകയുമായിരുന്നു.

മുഖത്തും നെഞ്ചിലും കാര്യമായി പരിക്കേറ്റ പാർമറെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. രക്ഷപ്പെട്ട പ്രതിയെ ആറാഴ്ചയ്ക്കുശേഷമാണ് അറസ്റ്റു ചെയ്തത്. ഡാനിയേലിന്‍റെ മാനസിക നില തകരാറിലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.അഡൽഫി യൂണിവേഴ്സിറ്റിയിൽ ബയോളജി വിദ്യാർഥിയായിരുന്നു പാർമർ. സമർഥയായ ഒരു വിദ്യാർഥിനിയുടെ ജീവനാണ് ഡാനിയേൽ കവർന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ