ചേംബർ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയിൽ തിളങ്ങിനിന്നതു അന്നമ്മ തോമസും നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണും
Saturday, June 22, 2019 9:27 PM IST
ഹൂസ്റ്റൺ: ഇന്തോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ ഇരുപതാം വാർഷിക ഗാല ഹൂസ്റ്റണിൽ പ്രൗഢഗംഭീരമായി അരങ്ങേറിയപ്പോൾ മലയാളികൾക്കു അഭിമാന നിമിഷങ്ങൾ പകർന്നു കൊണ്ട് 2 വിലപ്പെട്ട അവാർഡുകളും!

ജൂൺ 15 നു ഹിൽട്ടൺ അമേരിക്കാസിൽ നടന്ന ചടങ്ങിൽ അമേരിക്കയിലെ പ്രഗത്ഭ വ്യക്തികൾ ഉൾപ്പടെ 1000 ൽ പരം പേരുടെ സാന്നിധ്യത്തിൽ മലയാളികളായ അന്നമ്മ തോമസും (മോനി) നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിനു വേണ്ടി പ്രസിഡന്‍റ് അക്കാമ്മ കല്ലേലും അവാർഡുകൾ ഏറ്റു വാങ്ങിയപ്പോൾ നിലയ്ക്കാത്ത കരഘോഷങ്ങൾ ഉയർന്നു. ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജെസ്റ്ററിൽ നിന്നാണ് ഇവർ ബഹുമതികൾ ഏറ്റു വാങ്ങിയത്.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യവസായ ബന്ധങ്ങൾക്ക്‌ ഈടുറ്റ സംഭാവനകൾ നല്‌കുന്ന അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടകളിലൊന്നാണ്‌ ഇന്തോ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ്. സംഘടന നൽകുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നായ ട്രയൽ ബ്‌ളയിസെർസ് (TRAIL BLAZERS AWARD) അവാർഡ് നൽകി അന്നമ്മ തോമസിനെ ആദരിച്ചു. നീണ്ട 48 വർഷങ്ങളിലായി അമേരിക്കയിലെ നഴ്സിംഗ്, ആതുര ശ്രുശൂഷ രംഗത്തുള്ള നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചാണ് അന്നമ്മ തോമസിനെ ആദരിച്ചത്.

1971 ൽ ഒരു നഴ്സായി ന്യൂയോർക്കിൽ എത്തിയ ഈ മഹതി ആദ്യ കാലങ്ങളിൽ അമേരിക്കയിലെത്തിയ നൂറുകണക്കിന് നഴ്സുമാരായ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് മാർഗനിർദ്ദേശകയും വഴികാട്ടിയുമായിരുന്നു. 1978 മുതൽ കുടുംബമായി ഹൂസ്റ്റണിൽ താമസമാക്കിയ അന്നമ്മ തന്‍റെ വിലപ്പെട്ട അനുഭവ സമ്പത്ത്‌ പലർക്കും ഉപയോഗപ്രദമാകുന്നതിന് എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഇതിനകം അമേരിക്കയിൽ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ, ഭർത്താവും 'വോയിസ് ഓഫ് ഏഷ്യ' ( ഇംഗ്ലീഷ് വാരാന്ത്യ പത്രം) സിഇഒ യും പബ്ലിഷറുമായ കോശി തോമസിന്‍റെ ഉറച്ച പിൻതുണയും കരുതലും എപ്പോഴും കൂടെയുണ്ടെന്ന് അന്നമ്മ പറഞ്ഞു. 1987 മുതൽ ഹൂസ്റ്റണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'വോയിസ് ഓഫ് ഏഷ്യ. അമേരിക്കയിലെ പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ മുൻ നിരയിലാണ്. അചഞ്ചലമായ ദൈവവിശ്വാസത്തിനുടമകളായ ഈ ദമ്പതികൾ കഷ്ടപ്പാടുകൾ നിറഞ്ഞ ആദ്യ കാലങ്ങളിൽ മക്കളായ മൂന്ന് പെൺമക്കൾക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രദ്ധിച്ചിരുന്നു. രണ്ടു മക്കൾ ടെക്സസിലും ഒരു മകൾ വാഷിംഗ്ടൺ ഡിസി യിലും ഉന്നതപദവികളിൽ ഇരിക്കുന്ന അറ്റോർണിമാരാണെന്നതും രണ്ടു മരുമക്കൾ അറ്റോർണിമാരാണെന്നതും ശ്രദ്ധേയമാണ്.

നഴ്സിംഗ് രംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി ജൈത്ര യാത്ര തുടരുന്ന അമേരിക്കൻ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റനെയും(IANAGH) ട്രയൽ ബ്‌ളയിസെർസ് (TRAIL BLAZERS AWARD) നൽകി ആദരിച്ചു. സംഘടനാ രംഗത്തെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്സുമാർക്കുമായി ഈ വിലപ്പെട്ട അവാർഡ് സമർപ്പിക്കുന്നുവെന്നു അസോസിയേഷനുവേണ്ടി അവാർഡ് സ്വീകരിച്ചു കൊണ്ട് പ്രസിഡന്‍റ് അക്കാമ്മ കല്ലേൽ പറഞ്ഞു.

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്ക ( നൈന) യുടെ കുടക്കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും സജീവമായ ചാപ്റ്ററുകളിൽ ഒന്നാണ് ഹൂസ്റ്റൺ
ഐനാഗ് (IANAGH). അസോസിയേഷന്‍റെ സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പ്രാദേശിക ദേശീയ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

2018 ൽ ഭൂകമ്പ ബാധിത രാജ്യമായ 'ഹെയ്തി' യിൽ നടത്തിയ മെഡിക്കൽ മിഷൻ ട്രിപ്പ് എടുത്തു പറയേണ്ടതാണ്. അവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ആരംഭിച്ച 'മെഡിക്കൽ ക്ലിനിക്ക്‌' ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. 'കാനൻ' ഗ്രാമത്തിൽ നടത്തിയ ശുദ്ധ ജല വിതരണവും രണ്ടു നഴ്സിംഗ് ക്ലാസുകളിൽ നടത്തിയ സി പി ആർ (CPR) ക്ലാസുകളും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നു അവർ പറഞ്ഞു. കഴിഞ്ഞ വർഷം കേരളത്തിലെ പ്ര ളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കു കൊണ്ടു. "ലെറ്റ് തെം സ്മൈൽ" എന്ന സംഘടനയോടു ചേർന്ന് കൈ കോർത്ത്, ഒരു വലിയ നഴ്സസ്‌ ടീമിനെ തന്നെ കേരളത്തിൽ അയച്ചുകൊണ്ട് അസോസിയേഷൻ ചെയ്ത പ്രവർത്തനങ്ങൾ മലയാളി സമൂഹം മുഴുവൻ ശ്രദ്ധിച്ചിരുന്നു

ഈ വർഷം രജതജൂബിലി ആഘോഷിക്കുന്ന സംഘടനയുടെ തിളക്കം ഒന്നുകൂടി വർധിക്കുന്നുവെന്നു അക്കാമ്മ പറഞ്ഞു. മേയ് 25 നു ഹൂസ്റ്റണിൽ നടന്ന രജത ജൂബിലി ആഘോഷങ്ങൾ അവിസ്മരണീയമായിരുന്നു. 25 വർഷങ്ങൾ അസോസിയേഷൻ വിജയകരമായി പൂർത്തീകരിക്കുമ്പോൾ മലയാളി സമൂഹത്തിന്‍റെ എക്കാലത്തെയും ഉറച്ച പിന്തുണയും സഹകരണവും എപ്പോഴും ഊർജ്ജം പകർന്നു തരുന്നുവെന്നു അവർ പറഞ്ഞു. അസോസിയേഷന്‍റെ എല്ലാ അംഗങ്ങൾക്കും ദീർഘവീക്ഷണത്തോടു കൂടി ഈ സംഘടന ആരംഭിക്കുവാൻ നേതൃത്വം നൽകിയ മുൻകാല നേതാക്കൾക്കും ഈ അവാർഡ് സമർപ്പിക്കുന്നുവെന്നു ചാപ്റ്റർ സെക്രട്ടറി വെർജീനിയ അൽഫോൻസിൻറെ സാന്നിധ്യത്തിൽ അക്കാമ്മ പറഞ്ഞു,

റിപ്പോർട്ട് : ജീമോൻ റാന്നി