ഡാളസ് ക്രോസ്‌വേ മാർത്തോമ കോൺഗ്രിഗേഷൻ ഇടവക പദവിയിൽ
Saturday, July 13, 2019 3:55 PM IST
ഡാളസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിനു കീഴിൽ ഡാളസിൽ 2015 സെപ്റ്റംബർ 20 ന് രൂപീകൃതമായ ക്രോസ്‌വേ മാർത്തോമ്മ കോൺഗ്രിഗേഷനെ ഇടവക പദവിലേക്ക് ഉയർത്തിക്കൊണ്ട് മാർത്തോമ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത കല്പന പുറപ്പെടുവിച്ചു.

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്‍റെ കീഴിൽ അമേരിക്കയിൽ ജനിച്ചു വളർന്നവർക്കായി ആരംഭിച്ച ഇടവകളിൽ ഒന്നാമത്തെ ദേവാലയം ആണ് ക്രോസ്‌വേ മാർത്തോമ്മ ഇടവക. ന്യുയോർക്കിൽ ജനിച്ചു വളർന്ന റവ.സോനു വർഗീസ് പ്രഥമ ഇടവകയുടെ വികാരി ആയി പ്രവർത്തിക്കുന്നു.

ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസിനോടും സഭാ നേതൃത്വത്തോടും സ്വാതന്ത്ര ഇടവക പദവിലേക്ക് ഉയർത്തിയതിൽ ഇടവാംഗങ്ങൾ നന്ദി അറിയിച്ചു. പ്രാദേശികവും വിശാലതലത്തിലുള്ളതുമായ മിഷൻ പ്രവർത്തനങ്ങൾ ഇടവകയുടെ വളർച്ചക്ക് നിർണായക സ്വാധീനം ചെലുത്തിയതായി ചുമതലക്കാർ അറിയിച്ചു.

ലിജോയ് ഫിലിപ്പോസ് വൈസ് പ്രസിഡന്‍റ് ആയും സാജൻ തോമസ് സെക്രട്ടറിയായും ആശിഷ് ജോർജ്, കോളിൻ സഖറിയ എന്നിവർ ഇടവക ട്രസ്റ്റിമാമാരായും പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ഷാജി രാമപുരം