ഫിലഡൽഫിയായിൽ ആൾകൂട്ടത്തിന്‍റെ ആക്രമണത്തിൽ കാർമോഷ്ടാവ് കൊല്ലപ്പെട്ടു
Saturday, July 13, 2019 4:18 PM IST
ഫിലഡൽഫിയ: മൂന്നു കുട്ടികളുമായി കാർ മോഷ്ടിച്ച മധ്യവയസ്കനെ കുട്ടികളുടെ പിതാവും സമീപ വാസികളും ചേർന്ന് അടിച്ചു കൊലപ്പെടുത്തി.

ജൂലൈ 11ന് രാത്രി ഒന്പതിനാണ് സംഭവം. നോർത്ത് ഫിലഡൽഫിയയിലെ ഡോഫിൻ സ്ട്രീറ്റിലുള്ള പിസാ ഷോപ്പിനു മുൻപിൽ കാർ നിർത്തിയതിനുശേഷം കുട്ടികളുടെ മാതാവ് പിസാ ഷോപ്പിൽ ജോലി ചെയ്യുന്ന രണ്ടു കുട്ടികളുടെ പിതാവും കാമുകനുമായ യുവാവിനെ സന്ദർശിക്കാൻ പോയി. ഈ സമയം സ്റ്റാർട്ടാക്കി നിർത്തിയിരുന്ന കാറിലേക്ക് മോഷ്ടാവ് ചാടികയറി കാർ ഓടിച്ചു പോകുകയായിരുന്നു. ഏഴു മാസം മുതൽ അഞ്ചു വയസുവരെ പ്രായമുള്ള മൂന്ന് കുട്ടികൾ കാറിൽ ഉണ്ടായിരുന്നു.

അൽപ ദൂരം പിന്നിട്ടപ്പോൾ മോഷ്ടാവിന്ട്രാഫിക് ജാമിൽ കാർ നിർത്തേണ്ടി വന്നു. ഇതിനിടയിൽ പീസ ഷോപ്പിൽ നിന്നും ഇറങ്ങി കാറിനെ പിന്തുടർന്ന കുട്ടികളുടെ പിതാവ് കാറിനു സമീപം എത്തുകയും കാറ് തുറന്ന് മോഷ്ടാവിനെ പിടിച്ചു പുറത്തിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന ആൾകൂട്ടവും മോഷ്ടാവിനെ മർദിച്ചു. ഒടുവിൽ പോലീസ് എത്തി ഗുരുതരമായി പരിക്കേറ്റ മോഷ്ടാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മർദനത്തെ തുടർന്ന് തലയ്ക്കും വയറിനും കാര്യമായി പരിക്കേറ്റ ഇയാൾ മരിക്കുകയായിരുന്നു.

സംഭവത്തിൽ യുവതിയേയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്തിട്ടില്ലെന്നും ഓട്ടോപ്സി റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. മോഷ്ടാവിനെ ഇതിനുമുമ്പു 24 തവണയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ