ന്യൂയോര്‍ക്കിലെ ഇമിഗ്രേഷന്‍ റെയ്ഡിനെതിരേ വ്യാപക പ്രതിക്ഷേധം
Sunday, July 14, 2019 5:00 PM IST
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തുന്നതിന് ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നടപടി ശക്തമാക്കി. ജൂലൈ 13-നു ശനിയാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളിലാണ് റെയ്ഡിനു തുടക്കമിട്ടത്. രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് കോടതി നാടുകടത്തണമെന്നാവശ്യപ്പെട്ടവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന് ജൂലൈ 14 മുതല്‍ റെയ്ഡ് ആരംഭിക്കണമെന്നാണ് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നത്.

മന്‍ഹാട്ടന്‍ ഹര്‍ലീം, ബ്രൂക്ക്‌ലിന്‍, സണ്‍സെറ്റ് പാര്‍ക്ക് ഭാഗത്താണ് ഐസിഇ അധികൃതര്‍ റെയ്ഡിനായി എത്തിയതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞു.

ഐ.സി.ഇ ഉദ്യോഗസ്ഥരുടെ കൈവശം വാറന്റ് ഇല്ലാതിരുന്നതിനാല്‍ ഇവിടെയുള്ളവര്‍ റെയ്ഡുമായി സഹകരിച്ചില്ല. വാറണ്ടുമായി ഞായറാഴ്ച വരും എന്നുപറഞ്ഞാണ് ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടത്.

ഇതേസമയം, റെയ്ഡിനെതിരേ ഡമോക്രാറ്റിക് പാര്‍ട്ടി ശക്തമായ രംഗത്തുവന്നു. ക്രിമിനലുകളേയും, കോടതി നാടുവിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ട് തുടരുന്നവരേയും കണ്ടെത്തി മടക്കി അയയ്ക്കുന്നതിനാണ് റെയ്‌ഡെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞമാസം റെയ്ഡ് തുടങ്ങുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും പിന്നീടത് നീട്ടിവെയ്ക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍