ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകത്തിനെതിരെ ഡാളസിൽ പ്രതിഷേധം
Monday, July 15, 2019 8:51 PM IST
ഡാളസ്: ഇന്ത്യയിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വർധിച്ചു വരുന്ന അക്രമസംഭവങ്ങളിലും മതവിശ്വാസത്തിനുനേരെ ഉയർന്നുവന്നിരിക്കുന്ന ഭീഷിണിയിലും ആൾക്കൂട്ട കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ഡാളസ് ഡീലി പ്ലാസയ്ക്കു സമീപം പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.

ആൾകൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കുക, ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഉറപ്പാക്കുക, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധ സമരത്തിൽ അണിചേർന്നു. തുടർന്നു പ്രതിഷേധ യോഗം ചേർന്നു.

ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ വൈസ് പ്രസിഡന്‍റ് സയിദ് അഫ്സൽ അലി, ജഗദീഷ് ബംഗർ, ഷാരിബ് ബായ് തുടങ്ങിയവർ പ്രസംഗിച്ചു. ജാർഖണ്ഡിൽ മോഷണം ആരോപിച്ചു മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ അൻസാരിക്ക് നീതി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ