ഹൂസ്റ്റൺ‌ കൺവൻഷന് മെഗാഷോ സമർപ്പിക്കുന്നത് ജിബി പാറയ്ക്കൽ
Monday, July 15, 2019 9:40 PM IST
ടെക്സസ്: ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷന് പങ്കാളിയാകാൻ അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയായ ജിബി പാറയ്ക്കലും. ഓസ്റ്റിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിബിയുടെ നേതൃത്വത്തിലുള്ള പിഎസ്ജി ഗ്രൂപ്പ് ആണ് കൺവൻഷന്‍റെ തൈക്കുടം ബ്രിഡ്ജ് എന്ന മെഗാഷോയുടെ സ്പോൺസർ.‌‌

ബിസിനസിനു പുറമേ അമേരിക്കയിലെ സാമൂഹ്യ, ജീവകാരുണ്യ, സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയായ ജിബി പാറയ്ക്കലിന്‍റെ സാന്നിധ്യം കൺവൻഷന് പുത്തൻ ഉണർവേകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

സ്വപ്നങ്ങളെ പിന്തുടർന്ന് അമേരിക്കയിലെത്തി സ്വന്തം ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ച പ്രവാസി മലയാളികൾക്കൊപ്പമാണ് ജിബി പാറയ്ക്കലിന്‍റെയും സ്ഥാനം. തൊടുപുഴയ്ക്കു സമീപമുള്ള പൈങ്ങോട്ടൂർ ഗ്രാമത്തിൽ ജനിച്ച ജിബിയുടെ മാതാപിതാക്കൾ രണ്ടുപേരും അധ്യാപകരായിരുന്നു. ചെറുപ്പം മുതൽ തന്നെ കഠിനാധ്വാനവും അർപ്പണ മനോഭാവവും കൈമുതലായിരുന്ന അദ്ദേഹം ഇടവക കാര്യങ്ങളിലും മിഷൻ ലീഗ് പോലെയുള്ള സംഘടനകളിലും സജീവമായിരുന്നു. ട്രിച്ചി ജെജെസിഇടി കോളജിൽ നിന്ന് എംസിഎ സമ്പാദിച്ച ജിബി ഇൻഫോപാർക്കിൽ ജോലി നേടി. വിവാഹശേഷം 2005ൽ അമേരിക്കയിലെത്തി വിവിധ കമ്പനികളിൽ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ മനസിൽ സ്വന്തം ബിസിനസ് എന്ന സ്വപ്നമായിരുന്നു ഉണ്ടായിരുന്നത്. ഒരുവർഷത്തിനു ശേഷം ആ ലക്ഷ്യം നേടിയെടുത്തു.

2006ലാണ് ഓസ്റ്റിനിൽ ജിബിയുടെ നേതൃത്വത്തിൽ പിഎസ്ജി ഗ്രൂപ്പ് പ്രവർത്തനമാരംഭിക്കുന്നത്. ആദ്യം ഐടി സേവനങ്ങൾക്കായി പിഎസ്ജി ഇൻഫോ ബിസ് എന്ന ഐടി കമ്പനി അദ്ദേഹം ആരംഭിച്ചു. ‌പിന്നീട് റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി മാനേജ്മെന്‍റ്, പ്രോപ്പർട്ടി ഡവലപ്മെന്‍റ്, കൺസ്ട്രക്ഷൻ ആൻഡ് കോൺട്രാക്ടിംഗ്, ഹോസ്പിറ്റാലിറ്റി, എന്‍റർടെയ്ൻമെന്‍റ് തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ഓസ്റ്റിനിലും സമീപ പ്രദേശങ്ങളിലും അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്‍റ് കമ്പനിയാണ് ഇന്ന് പിഎസ്ജി ഗ്രൂപ്പ്. ഇപ്പോൾ ചിത്രീകരണത്തിലിരിക്കുന്ന "വാർത്തകൾ ഇതുവരെ' എന്ന സിനിമയുടെ നിർമാതാവ് കൂടിയാണ് ജിബി.

തനിക്കു ലഭിക്കുന്ന ലാഭത്തിന്‍റെ ഒരുഭാഗം മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജീവകാരുണ്യ മേഖലയിലും സാന്നിധ്യമറിയിച്ച ജിബി പാറയ്ക്കലിന്‍റെ ചാരിറ്റി ഇന്‍റർനാഷണൽ ഇതുവരെ വിവിധ മേഖലകളിലായി നിരവധി പദ്ധതികൾ നടപ്പാക്കിക്കഴിഞ്ഞു. നിർധനർക്ക് സഹായം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ സഹായങ്ങൾക്ക് എന്നും ജിബി ഒരുപടി മുന്നിലാണ്. തൊടുപുഴയിലെ ദിവ്യരക്ഷാലയം, അമ്മയും കുഞ്ഞും, മീൽസ് ഓൺ വീൽസ്, ഗുഡ്ന്യൂസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിങ്ങനെ നിരവധി സന്നദ്ധസ്ഥാപനങ്ങൾക്ക് മുടങ്ങാതെ സഹായം നല്കിവരുന്നു. സാമുഹിക, സംഘടനാപ്രവർത്തനങ്ങളിലും സജീവമായ ജിബി, ഫോമ ചാരിറ്റി വിംഗ് വൈസ് പ്രസിഡന്‍റാണ്. രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, സെന്‍റ് അൽഫോൻസാ ഇടവക പാരിഷ് കൗൺസിൽ അംഗം, ഹോം ഓണേഴ്സ് അസോസിയേഷൻ ഡയറക്ടർ എന്ന നിലയിൽ സേവനമനുഷ്ഠിച്ച ജിബി, ഇന്ന് ഓസ്റ്റിൻ മലയാളി അസോസിയേഷന്‍റെ നിറസാന്നിധ്യമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ജിബിക്ക് പിന്തുണയായി ഭാര്യ ഷാനിയും മക്കളായ ജിയോഫ്, ജിയോണ, ജോർദാൻ എന്നിവരും ഒപ്പമുണ്ട്.

മലയാളികൾക്കു പ്രിയപ്പെട്ട തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡിന്‍റെ മൂന്നു മണിക്കൂർ നീണ്ടുനില്ക്കുന്ന വിനോദ ആസ്വാദ്യമായി കൺവൻഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നൊസ്റ്റാള്‍ജിക് ഈണങ്ങൾ‌ക്കൊപ്പം പുതുസംഗീതവും കൂട്ടിച്ചേർത്ത നിരവധി ഗാനങ്ങളിലൂടെ മലയാളിയുടെ മനസിൽ ഇടംപിടിച്ച തൈക്കുടം ബ്രിഡ്ജ് ഇന്ന് സംഗീതരംഗത്ത് തരംഗമായി മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നൂറുകണക്കിന് സംഗീതപരിപാടികളാണ് ഈ ബാൻഡ് നടത്തിവരുന്നത്. ഓഗസ്റ്റ് മൂന്നിന് സായംസന്ധ്യയിൽ അരങ്ങേറുന്ന ഈ പരിപാടി കൺവൻഷനു മാറ്റുകൂട്ടാൻ ഉതകുകയും സംബന്ധിക്കുന്ന കുട്ടികളും യുവാക്കളും ഉൾപ്പെടെ ആബാലവൃദ്ധം വിശ്വാസികൾക്കും രസിക്കാൻ കഴിയുമെന്ന് ജിബി പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ഉണർവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കണ്‍വൻഷന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമാണ് കൺവൻഷനിൽ പങ്കെടുക്കാൻ വിശ്വാസികൾ ഹൂസ്റ്റണിൽ എത്തിച്ചേരുക. കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ