മാതാവിന്‍റെ അസ്ഥി കൂടവുമായി മൂന്നു വർഷം വീട്ടിൽ; മകൾ അറസ്റ്റിൽ
Tuesday, July 16, 2019 9:46 PM IST
സെഗ്വിൻ(ടെക്സസ്): മൂന്നു വർഷം മുൻപു മരിച്ച മാതാവിന്‍റെ അസ്ഥി കൂടവുമായി വീട്ടിൽ കഴിഞ്ഞിരുന്ന മകൾ ഡെലിസ ക്രെയ്ടണെ(47) പോലീസ് അറസ്റ്റ് ചെയ്തു. ഡെലിസയുടെ 15 വയസുള്ള മകൾ തന്നെ അമ്മ പീഡിപ്പിക്കുന്നതായി പോലീസിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പോലീസിന് മൂന്നു വർഷം മുൻപ് മരിച്ച 71 കാരിയായ ജാക്വിലിൻ ക്രെയ്ട്ടണിന്‍റെ അസ്ഥികൂടമാണ് കിട്ടിയത്.

വീട്ടിൽ വീണതിനെ തുടർന്നാണ് ക്രെയ്ട്ടൺ മരിച്ചത്. ശരിയായ സമയത്തു ചികിത്സ നൽകിയിരുന്നുവെങ്കിൽ ഇവർ മരിക്കുകയില്ലായിരുന്നു എന്നാണ് ഓസ്റ്റിൻ പോലീസിന്‍റെ പ്രാഥമിക നിഗമനം.മൃതദേഹം കിടന്നിരുന്ന മുറിയുടെ സമീപമാണ് ഡെലിസായും 15 വയസുള്ള മകളും കഴിഞ്ഞ മൂന്നു വർഷമായി കഴിഞ്ഞിരുന്നത്.2014 വരെ സെഗ്വിൻ പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ഡെസ്പാച്ചറായി ജോലി ചെയ്തു വരികയായിരുന്നു ഡെലിസ.

സെഗ്വിൻ വിദ്യാഭ്യാസ ജില്ലയിൽ 35 വർഷം ടീച്ചർ എയ്ഡായി ജോലി ചെയ്തിരുന്ന ജാക്വിലിൻ എല്ലാവർക്കും സുപരിചിതയായിരുന്നു. ഡെലിസായെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതായി സെഗ്വിൻ പോലീസ് ചീഫ് ടെറി നിക്കൊളസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ