ഹോളി ട്രാൻസ്ഫിഗറേഷന് സെന്‍റർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: കാതോലിക്കാ ബാവ
Wednesday, July 17, 2019 8:18 PM IST
മട്ടണ്‍ടൗണ്‍ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം പെൻസിൽവേനിയയിലെ ഡാൽട്ടണിൽ വാങ്ങിയ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സഭയുടെ ഒരു മിഷൻ സെന്‍ററായി പരിഗണിക്കുന്ന കാര്യം തത്വത്തിൽ അംഗീകരിക്കാമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

ഭദ്രാസന ആസ്ഥാനമായ മട്ടൻടൗണിലെ അരമനയിൽ ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, വൈദികട്രസ്റ്റി റവ. ഡോ. എം.ഒ. ജോണ്‍ എന്നിവരോടൊപ്പം സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കൗണ്‍സിൽ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

300 ഏക്കറുകളിലായി 110,000 സ്ക്വയർഫീറ്റിലുള്ള കെട്ടിട സമുച്ചയവും മറ്റ് എല്ലാ സൗകര്യങ്ങളുമുള്ള റിട്രീറ്റ് സെൻറർ മലങ്കരസഭയ്ക്ക് എന്നും അഭിമാനിക്കാവുന്നതാണ്. ലോകമെന്പാടുമുള്ള എല്ലാ വിഭാഗത്തിലുമുള്ള ഓർത്തഡോക്സ് വിശ്വാസികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന ഒരു ലോകോത്തര സെമിനാരി ആയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് തിയോളജിക്കൽ സ്റ്റഡീസ് സ്ഥാപനമായി മാറുന്നതിന് വേണ്ട മാർഗരേഖകൾ പഠിച്ചു സമർപ്പിക്കുവാൻ പരി.ബാവ ആവശ്യപ്പെട്ടു.

മാനേജിംഗ് കമ്മിറ്റിയിലും പരിശുദ്ധ സുന്നഹദോസിലും ഇത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഭിലായി മിഷൻ സെന്‍റർ ആണ് പിന്നീട് നാഗ്പൂർ സെമിനാരി ആയി ഉയർത്തിയത്. ആ ഒരു പാത പിന്തുടരാവുന്നതാണ്. സഭയിലെ പുതുതലമുറയ്ക്ക് ഒരു ഗ്ലോബൽ ഐഡന്‍റിറ്റി ഉണ്ടാകുവാൻ ഇങ്ങനെയൊരു സെന്‍റർ കൊണ്ടു സാധിക്കും. അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളും ഒന്നിച്ചു ചേർന്നു ഇതിനായി പ്രവർത്തിച്ച കരട് രേഖ സമർപ്പിക്കുവാൻ മാർ നിക്കോളോവോസിനെ പരിശുദ്ധ ബാവ ചുമതലപ്പെടുത്തി.

40 വർഷത്തിലേറെയായി നോർത്ത് അമേരിക്കയിൽ സ്ഥാപിതമായ സഭയുടെ പ്രസ്റ്റീജ് ഭദ്രാസനങ്ങളിൽ ഒന്നായി മാറിയ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വളർച്ചയെയും സഭാ സ്നേഹത്തെയും യുവജനങ്ങളുടെ ആത്മീയമായ കാഴ്ചപ്പാടിനെയും പരിശുദ്ധ ബാവ ശ്ലാഘിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ഡോ. വർഗീസ് എം. ഡാനിയേൽ, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരിൽ, ജോർജ് തുന്പയിൽ, ജോസഫ് എബ്രഹാം, ഭദ്രാസന കൗണ്‍സിൽ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ, സാജൻ മാത്യു, സന്തോഷ് മത്തായി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

നേരത്തെ തന്നെ കൗണ്‍സിലിന്‍റെ പരിഗണനയിലുണ്ടായിരുന്ന ഇക്കാര്യം മാർ നിക്കോളോവോസ് പരി. ബാവയെ അറിയിച്ചിരുന്നു. സഭ മാനേജിംഗ് കമ്മിറ്റി അംഗം ജോസഫ് എബ്രഹാമാണ് ചർച്ചയിൽ ഈ വിഷയം കൊണ്ടുവരികയും പരി. ബാവയുടെയും ഫാ. ഡോ. എം. ഒ. ജോണിന്‍റെയും സത്വരശ്രദ്ധ ഉണ്ടാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത്. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയൽ ഇതു സംബന്ധിച്ച കൂടുതൽ ആഴത്തിലുള്ള വിവരങ്ങൾ പരി.ബാവയെ ധരിപ്പിച്ചു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സമദൂര നിലപാടാണ് സഭയുടേതെന്നാണ് പരി. ബാവ പരാമർശിച്ചത്. നമുക്ക് ആരോടും അയിത്തമില്ല. നമ്മെ പരിഗണിക്കുന്നവരെ നമ്മളും പരിഗണിക്കും. ഇപ്പോൾ നാട്ടിൽ രാഷ്ട്രീയമല്ല മറിച്ച് മണി പവർ ആണ് ഉള്ളത്. ആറന്മുളയും ചെങ്ങന്നൂരും കൊടിയുടെ നിറം നോക്കിയല്ല സഭാമക്കൾ വോട്ട് രേഖപ്പെടുത്തിയത്. എന്നിട്ടും സർക്കാർ നമ്മെ തഴഞ്ഞു. മീഡിയയെ ആശ്രയിച്ച് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സെൻസേഷണൽ വാർത്തകളിൽ മാത്രമാണ് അവർക്ക് താല്പര്യം. വായനക്കാരെയും കാണികളെയും കൂടെ നിർത്താൻ വാർത്തകളിൽ സെൻസേഷൻ കുത്തി നിറയ്ക്കുന്നതിലാണ് ഇപ്പോഴത്തെ മാധ്യമശ്രദ്ധ.

ഇപ്പോഴത്തെ രീതിയിൽ എസ്പി റാങ്കിൽ വരെയുള്ളവരോട് കോടതി ഓർഡർ നടപ്പിൽ വരുമെന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. വോട്ട് ബാങ്ക് ലക്ഷ്യമാക്കി സർക്കാർ അത് ചെയ്യുന്നില്ല.
പരി. ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍, ഭദ്രാസന ചാൻസലർ ഫാ.തോമസ് പോൾ, ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ. എബി ജോർജ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോർജ് തുന്പയിൽ