71 വർഷത്തെ ദാമ്പത്യത്തിന് അന്ത്യം കുറിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ
Thursday, July 18, 2019 9:10 PM IST
ജോർജിയ: നീണ്ട എഴുപത്തൊന്നുവർഷത്തെ വിജയകരമായ ദാന്പത്യ ജീവിതത്തിന് ഒടുവിൽ അന്ത്യം കുറിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഹെർബർട്ടും (94) ഭാര്യ മേരിലിനും (88) ജൂലൈ 12 നാണ് 12 മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിനു കീഴടങ്ങിയത്. അഗസ്റ്റായിലുള്ള വസതിയിൽ ജൂലൈ 12 ന് പുലർച്ചെ 2.20 ന് ഭർത്താവും അതേ ദിവസം ഉച്ചയ്ക്ക് 2.20 ന് ഭാര്യയും മരിച്ചുവെന്ന് ദമ്പതിമാരുടെ കെയർഗിവർ ഷാരോൺ ഗിബോൺസ് അറിയിച്ചു.

യുഎസ് ആർമിയിലെ റിട്ടയേർഡ് മാസ്റ്റർസർജന്‍റായിരുന്ന ഹെർബർട്ട്. സ്വന്തമായി നഴ്സറി നടത്തിവരികയായിരുന്നു ഭാര്യ മേരിലിൻ. ഇവർക്ക് ആറു മക്കളും 16 പേരക്കുട്ടികളും ഉണ്ട്. ഇണ പിരിയാനാവാത്ത സ്നേഹമാണ് ഇരുവർക്കും ഉണ്ടായിരുന്നതെന്നും ഒരേ ദിവസം രണ്ടു പേരേയും മരണം കവർന്നത് ഇത് അടിവരയിടുന്നതാണെന്നും കെയർഗിവർ പറഞ്ഞു.

71 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു സ്വർഗത്തിൽ ഇരുവരും പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണെന്നും കുടുംബത്തിന്‍റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.പരസ്പരം സ്നേഹിക്കുന്നതും സ്നേഹം മറ്റുള്ളവർക്കുമായി പങ്കിട്ടതുമാണ് ദീർഘ ദാമ്പത്യ ജീവിതത്തിന്‍റെ രഹസ്യമെന്ന് 70–ാം വിവാഹ വാർഷിക ദിനത്തിൽ ഹെർബർട്ട് വെളിപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ