ഡോ. ഫ്രീമു വര്‍ഗീസ് ടോപ്പ് ഡോക്ടര്‍
Friday, July 19, 2019 9:27 PM IST
ഹൂസ്റ്റണ്‍: ഏറ്റവും മികച്ച ഡോക്ടറായി ഡോ. ഫ്രീമു വര്‍ഗീസിനെ നെഫ്രോളജിയില്‍ (കിഡ്‌നി രോഗം) ഹൂസ്‌റ്റോണിയ മാഗസിന്‍ തെരഞ്ഞെടുത്തു. ഹൂസ്റ്റണ്‍ മേഖലയില്‍ മെഡിക്കല്‍ രംഗത്ത് ലഭിക്കുന്ന അപൂര്‍വ ബഹുമതികളിലൊന്നാണിത്.

ഹൂസ്റ്റണ്‍ മേഖലയിലെ ഡോക്ടര്‍മാര്‍, ഫിസിഷ്യന്‍ അസിസ്റ്റന്‍റുമാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരാണു ടോപ് ഡോക്ടറെ തെരഞ്ഞെടുക്കുന്നത്. വൈദ്യശാഖയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 68 ഡോക്ടര്‍മാരെ ടോപ് ഡോക്ടര്‍മാരായി തിരഞ്ഞെടുത്തു

നിങ്ങള്‍ക്കോ നിങ്ങളുടെ ഉറ്റ ബന്ധുവിനോ കടുത്ത രോഗം വന്നാല്‍ ഏതു ഡോക്ടറെ കാണിക്കാനാണിഷ്ടപ്പെടുക എന്ന ഏക ചോദ്യമാണ് സര്‍വേയില്‍ പങ്കെടുത്തവരോടു ചോദിച്ചത്. കൂടുതല്‍ പേര്‍ നിര്‍ദേശിച്ച ഡോക്ടര്‍മാരെ ടോപ്പ് ഡോക്ടര്‍മാരായി തിരഞ്ഞെടുത്തു.

സ്റ്റേജ് ഷോകളിലൂടേയും സിനിമാ നിര്‍മാണത്തിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണു ഡോ. ഫ്രീമു വര്‍ഗീസ്. ഡയഗ്‌നോസ്റ്റിക് ആന്‍ഡ് ഇന്‍റര്‍വന്‍ഷനല്‍ നെഫ്രോളജി ഓഫ് ഹൂസ്റ്റണിന്‍റെ പ്രസിഡന്‍റും ഡയഗ്‌നോസ്റ്റിക് ക്ലിനിക്ക് ഓഫ് ഹൂസ്റ്റന്‍റെ നെഫ്രോളജി വിഭാഗം ചെയറുമാണ്. ഇന്‍റേണല്‍ മെഡിസിനും നെഫ്രോളജിയും പ്രാക്ടീസ് ചെയ്യുന്നു. ക്രിറ്റിക്കല്‍ കെയര്‍ മെഡിസിനിലും ഫെല്ലോഷിപ്പ് ട്രയിനിംഗ് ഉണ്ട്.

ഇന്‍റര്‍വന്‍ഷനല്‍ നെഫ്രോളജിയില്‍ ഡയഗ്‌നോസ്റ്റിക് നെഫ്രോളജി, കടൂത്ത രക്ത സമ്മര്‍ദ്ദം എന്നിവയാണു പ്രധാന പ്രാക്ടീസിംഗ് മേഖലകള്‍.

ലോസ് ഏഞ്ചലസ് കേന്ദ്രമായ സ്കില്‍ഡ് വൂണ്ട് കെയറിലും പ്രവര്‍ത്തിച്ചു. ഈ രംഗത്ത് ഹൂസ്റ്റണിലും ചികില്‍സ എത്തിക്കുന്നു. ഹാരിസ് കൗണ്ടി മെഡിക്കല്‍ സൊസൈറ്റിയിലും ടെക്‌സസ് മെഡിക്കല്‍ അസോസിയേഷനിലും അംഗമാണ്. ഡോ. ഫ്രിമു മികച്ച സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്ന ഫ്രീഡിയ എന്‍റര്‍ടൈൻമെന്‍റിന്‍റെ പ്രസിഡന്‍റു കൂടിയാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം