ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം
Friday, July 19, 2019 9:36 PM IST
ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ച് ആദ്യഭാരതവിശുദ്ധ പദവി അലങ്കരിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ജൂലൈ 19നു രാത്രി 7:30 നു കൊടിയേറ്റ് നിർവഹിക്കും.

തുടര്‍ന്നുള്ളദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് വ്യത്യസ്ത വൈദികര്‍ ആത്മീയനേതൃത്വം നല്‍കും.നവനാള്‍ നൊവേനയുടെ സമാപനദിനമായ 27-നു വൈകിട്ട് 5 ന് ആരംഭിക്കുന്ന തിരുക്കർമങ്ങള്‍ക്കുശേഷം വിവിധകലാപരിപാടികളും അരങ്ങേറും.

പ്രധാന തിരുനാള്‍ ദിനമായ 28-ന് (ഞായർ) രാവിലെ 10 ന് അര്‍പ്പിക്കപ്പെടുന്ന റാസ കുര്‍ബാനക്ക് മുന്‍ വികാരി ഫാ. കുര്യാക്കോസ് വാടാന പ്രധാനകാർമികത്വം വഹിക്കും. തുടർന്നു അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ട് കേരളത്തനിമയില്‍ നടത്തപെടുന്ന പ്രദക്ഷിണം ഏവര്‍ക്കും ഒരു ആത്മീയ അനുഭവം ആയിരിക്കും.

29-നു (തിങ്കൾ) രാത്രി 7.30നു മരിച്ചവരുടെ ഓര്‍മ ആചരിക്കുന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം കൊടിയിറക്കി തിരുനാള്‍ ആചരണം പൂര്‍ത്തിയാക്കുന്നു.

തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിവിധസ്ഥലങ്ങളില്‍ നിന്നു കടന്നുവരുന്ന വിശ്വാസികളെ വികാരി ഫാ. കുര്യാക്കോസ് കുമ്പകീല്‍, ട്രസ്റ്റീമാരായ റോബര്‍ട്ട് ചെല്ലക്കുടി, ജോഷി ജോണ്‍ വെട്ടം, കണ്‍വീനര്‍ ടോമി പൊട്ടുകളം, ഇടവകജനങ്ങള്‍ എന്നിവര്‍ ഹാര്‍ദ്ദവമായി സ്വാർഗതം ചെയ്തു.

റിപ്പോർട്ട്:ജോയിച്ചൻ പുതുക്കുളം