ഏലിക്കുട്ടി ഫ്രാൻസീസിനു ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്
Tuesday, August 13, 2019 8:23 PM IST
ഡാളസ്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹിക സേവനരംഗത്തേയും നീണ്ടകാലത്തെ മികച്ച മികച്ച സേവനങ്ങൾ മുൻനിർത്തി ഏലിക്കുട്ടി ഫ്രാൻസീസിനെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം നൽകി ആദരിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) സംഘടിപ്പിച്ച നഴ്‌സസ് ഡേ ആഘോഷങ്ങളിൽ ഇർവിംഗ് സിറ്റി മേയർ റിക്കി സ്റ്റോപ്‌ഫർ, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്‍റ് മഹേഷ് പിള്ള എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്‍റെ സ്ഥാപക അംഗം എന്ന നിലയിൽ തുടക്കകാലത്തു നൽകിയ അമൂല്യ സഭാവനകൾക്കും തുടർന്നു സ്ഥിരമായി നൽകിവരുന്ന സേവനങ്ങൾക്കുമായാണ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം നൽകിയതെന്ന് മുൻ പ്രസിഡന്‍റ് ആലീസ് മാത്യു പറഞ്ഞു.

ഏലിക്കുട്ടി ഫ്രാൻസീസ് 38 വർഷത്തോളം ഡാളസ് പാർക്ക്‌ലാൻഡ് ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്പർവൈസറായി സേവനം ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്‍റെ സ്ഥാപക അംഗം, മുൻ പ്രസിഡന്‍റ്, ഡാളസിലെ സീറോ മലബാർ പള്ളിയുടെയും എസ്‌എംസിസിയുടെയും സ്ഥാപക അംഗങ്ങളിൽ ഒരാൾ, വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസ് സ്ഥാപക അംഗം തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്. പാർക് ലാൻഡ് ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്സസിനായി അവാർഡ് സമർപ്പിക്കുന്നുവെന്നു ഏലിക്കുട്ടി ഫ്രാൻസീസ് പറഞ്ഞു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ