രണ്ടാമത് ചലഞ്ചേഴ്‌സ് കപ്പ് ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സിന്
Tuesday, August 13, 2019 9:00 PM IST
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കാര്‍ ടൂര്‍ണമെന്‍റില്‍ ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ജേതാക്കളായി. ഓഗസ്റ്റ് 10 നു നടന്ന ഫൈനലില്‍ ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്‌സ് ക്ലബിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ രണ്ടിന് എതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

ഫൈനലില്‍ മുഖ്യാതിഥിയായി കുടുംബസമേതം എത്തിയ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസിനെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്സ് ക്ലബ് കായിക രംഗത്ത് മലയാളി സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

ജേതാക്കള്‍ക്ക് ടൂർണമെന്‍റിന്‍റെ സ്‌പോൺസർമാരായ ബെയ്ന്‍ കുര്യാക്കോസ് (ഇന്ത്യ കഫേ റസ്റ്ററന്‍റ് ), ജോര്‍ജ് ജോണ്‍ (റോയല്‍ ഫൈന്‍സ് ഹോംസ്), യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഷിനു ജോസഫ് , പോത്തന്‍ തങ്കന്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ജോയ് ഇട്ടന്‍, മുന്‍ പ്രസിഡന്‍റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, പോള്‍ കറുകപ്പള്ളില്‍, ജിനു തര്യന്‍ (ഫോര്‍ട്ട് ലീ ഫിനാന്‍ഷ്യല്‍ സര്‍വീസ്) എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ക്ലബിനു പിന്തുണ നല്‍കി വരുന്ന എല്ലാവർക്കും പ്രസിഡന്‍റ് ഫെബി വർഗീസ്, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷറര്‍ ജേക്കബ് വൈശ്യന്റേടം തുടങ്ങിയവര്‍ നന്ദി പറഞ്ഞു.

സ്‌പോര്‍ട്‌സ് കോോര്‍ഡിനേറ്റര്‍ ഷാജി കോശി, ടൂര്‍ണമെന്‍റിൻരെ മുഖ്യ സംഘടകന്‍ പ്രിന്‍സ് തോമസ് , ജിതിന്‍ വര്ഗീസ്, നിബു ജേക്കബ്, ബിമല്‍ സെന്‍, റോബിന്‍ കുര്യാക്കോസ് ,നിതിന്‍ അബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം